dolphins-

കൊവിഡ്ക്കാലം വന്നതോടെ മനുഷ്യരെല്ലാം വീടുകളിലായി. ഈ അവസരത്തിൽ മനുഷ്യരെകാണാതെ വിഷമിച്ച ചില ജീവികളെക്കുറിച്ച് വാർത്തകൾ വന്നിരുന്നു. അതിലൊരാൾ മനുഷ്യരെ വളരെയധികം സ്നേഹിക്കുന്ന ഡോള്‍ഫിനുകള്‍ ആണ്. മനുഷ്യരെക്കാണാൻ പലപ്പോഴും ഡോൾഫിനുകൾ ആഴക്കടലില്‍ നിന്ന് കരയുടെ അടുത്തേക്ക് വരാറുണ്ട്.

എന്നാല്‍ കൊവിഡ് പടര്‍ന്നു പിടിച്ചതോടെ മനുഷ്യരെ കാണാതായി. അതോടെ ആഴക്കടലില്‍ നിന്ന് മനുഷ്യരെ തേടിയെത്തിയിരിക്കുകയാണ് ഡോള്‍ഫിനുകള്‍. മനുഷ്യര്‍ക്കായി കൈനിറയെ സമ്മാനങ്ങളുമായാണ് അവരുടെ വരവ്. ഓസ്‌ട്രേലിയയിലാണ് ഈ സംഭവമുണ്ടായത്. ക്വീന്‍സ് ഐലന്റിലേയും ടിന്‍ കാന്‍ ബേയിലുമുള്ള ബര്‍ണാകള്‍ഡ് കഫേ ഡോള്‍ഫിന്‍ ഫീഡിങ് എന്നിവിടങ്ങളില്‍ എത്തുന്ന സന്ദര്‍ശകര്‍ ഡോള്‍ഫിനുകളുമായി ഇടപഴകാറുണ്ട്. ഇപ്പോൾ കടല്‍പ്പുറ്റുകളും പഴയ കുപ്പികളുമെല്ലാമായാണ് ഡോൾഫിനുകൾ കരയിലേക്ക് എത്തിയത്. ഫീഡിങ് സെന്ററിലെ വോളന്റിയര്‍മാര്‍ക്കാണ് ആ സമ്മാനങ്ങള്‍ നല്‍കിയത്.

ഡോള്‍ഫിനുകളുടെ നീണ്ടു നില്‍ക്കുന്ന വായയുടെ ഭാഗത്ത് സമ്മാനങ്ങള്‍ വെച്ചാണ് അവര്‍ എത്തിയത്. പകരമായി ഇവര്‍ക്ക് മീനുകള്‍ സമ്മാനമായി നല്‍കി. ഇങ്ങനെ സമ്മാനങ്ങള്‍ കൈമാറാന്‍ അവരെ പരിശീലിപ്പിച്ചതല്ലെന്നും അവര്‍ ഞങ്ങളെയാണ് ഇങ്ങനെ ചെയ്യാന്‍ ശീലിപ്പിച്ചത് എന്നുമാണ് വോളന്റിയര്‍മാര്‍ പറയുന്നത്. എന്തായാലും സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ് ഡോള്‍ഫിനുകളുടെ ഈ സ്‌നേഹം.