ലിമ: തെക്കൻ പെറുവിലുള്ള ടാൻടാറ എന്ന ചെറുപട്ടണത്തിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവമാണ്. കുറേ സാമൂഹ്യ വിരുദ്ധർ മദ്യപിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നതായി വിവരം ലഭിച്ച പൊലീസ് പാഞ്ഞെത്തി. ആരെയും രക്ഷപ്പെടാൻ അനുവദിച്ചില്ല. മദ്യപിച്ച് ബോധമില്ലാതിരുന്നതിനാൽ ആർക്കും അങ്ങനെ ഓടി രക്ഷപ്പെടാനുമായില്ല. എന്നാൽ മറ്റൊരു കാര്യം ശ്രദ്ധിച്ച പൊലീസ് അമ്പരന്നു.
അവിടെ ഒരു ശവപ്പെട്ടിയിൽ ഫേസ്മാസ്കും വച്ച് കണ്ണടച്ച് ഒരു വിദ്വാൻ കിടക്കുന്നു. ! കൊവിഡ് വന്ന് മരിച്ച ആളാണെന്നാണ് അയാളുടെ സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്. പക്ഷേ, ഒറ്റനോട്ടത്തിൽ തന്നെ ഗംഭീര ആക്ടിംഗ് പൊലീസിന് പിടികിട്ടിയെന്ന് മാത്രമല്ല, ആളൊരു പ്രമുഖനാണെന്ന് മനസിലാവുകയും ചെയ്തു. മറ്റാരുമല്ല, ടാൻടാറയിലെ മേയറായ ജെയിം റോളന്റോ ഉർബിന ടോറെസ് ആയിരുന്നു അത്.
ടാൻടാ ഉൾപ്പെടെയുള്ള പെറുവിയൻ നഗരങ്ങൾ 60 ദിവസത്തിലേറെയായി ലോക്ക്ഡൗണിലാണ്. ഇതിനിടെയിൽ വെറും 8 ദിവസം മാത്രമാണ് ടോറെസ് പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് രംഗത്തെത്തിയത്. ബാക്കി ദിവസങ്ങളിൽ ഇയാൾ എവിടെയായിരുന്നുവെന്ന് ആർക്കുമറിയില്ലാത്രെ. കണ്ണടച്ച് മാസ്കുമായി ശവപ്പെട്ടിയിൽ കിടക്കുന്ന മേയറുടെ ചിത്രം പ്രാദേശിക പൊലീസാണ് പുറത്തുവിട്ടത്.
പ്രദേശത്ത് നിലനിന്നിരുന്ന കർഫ്യൂ ലംഘിച്ച് സുഹൃത്തുക്കളുമായി ഒത്തുകൂടിയ ടോറെസ് സാമൂഹ്യ അകലം പാലിക്കാതെ മദ്യപിച്ച് ലക്കുകെടുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോഴും ടോറസിന് യാതൊരു ബോധവുമില്ലായിരുന്നു. ഇവർ എവിടെ ഇരുന്നാണ് മദ്യപിച്ചിരുന്നതെന്നോ ശവപ്പെട്ടി ഇവരുടെ പക്കൽ എങ്ങനെയെത്തിയെന്നോ വ്യക്തമല്ല.
ടോറസിനെതിരെ നേരത്തെ തന്നെ നിരവധി പരാതികളുണ്ടായിരുന്നു. പ്രധാനമായും നഗരത്തിലെ സുരക്ഷാ നിർദ്ദേശങ്ങൾ മേയർ തന്നെ ലംഘിക്കുന്നതായുള്ള പരാതികളാണ് ഉയർന്നു വന്നത്. നഗരത്തിൽ യാതൊരു സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കാനുള്ള നടപടികളും ടോറെസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും നാട്ടുകാർ പരാതി പറയുന്നു.
നഗരത്തിൽ ക്വാറന്റൈൻ സംവിധാനങ്ങൾ ഒരുക്കുന്ന കാര്യത്തിൽ തുടർച്ചയായി പരാജയപ്പെടുന്നതിന് അടുത്തിടെ മേലധികാരികളുടെ ഭാഗത്ത് നിന്നും ടോറെസിനെതിരെ ശക്തമായ വിമർശനമുണ്ടായിരുന്നു. ഏതായാലും കൊവിഡ് ബാധിച്ച് മരിച്ചതായി അഭിനയിച്ച ടോറെസിന്റെ മേയർ സ്ഥാനം ശരിക്കും ശവപ്പെട്ടിയാലുമെന്ന കാര്യം ഏകദേശം ഉറപ്പായി. കൊവിഡിന്റെ അടുത്ത ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി മാറുമെന്ന ഭയത്തിലാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ. പെറുവിൽ ഇതേ വരെ 108,769 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,148 പേർ മരിച്ചു.