ന്യൂഡൽഹി: കൊവിഡ് രോഗബാധയ്ക്ക് പ്രതിവിധിക്കായി വാക്സിൻ പരീക്ഷണം സജീവമാണ് വിവിധ രാജ്യങ്ങളിൽ. മൃഗങ്ങളിലോ മരുന്ന് പരീക്ഷണത്തിന് തയ്യാറായ മനുഷ്യരിലോ കുത്തിവയ്ക്കാവുന്ന തരത്തിൽ മുന്നേറി കഴിഞ്ഞു പല വാക്സിൻ പരീക്ഷണങ്ങളും. എന്നാൽ പരീക്ഷണം കഴിഞ്ഞാലും വ്യാവസായിക അടിസ്ഥാനത്തിൽ സാധാരണക്കാരുടെയടുത്തെത്താൻ ഒന്ന് മുതൽ ഒന്നര വർഷം വരെ കാത്തിരിക്കേണ്ടി വരും.
ഈ ഘട്ടത്തിലാണ് രോഗികളിൽ ഉപയോഗിക്കാവുന്ന ഔഷധങ്ങളുടെ പരീക്ഷണത്തിൽ ശ്രദ്ധ മാറുന്നത്. മൂന്ന് ലക്ഷത്തിലധികം ജനങ്ങളുടെ ജീവൻ അപഹരിച്ച മഹാമാരിക്കെതിരെയുള്ള വിവിധ രാജ്യങ്ങളുടെ ഔഷധ പരീക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിൽ ദേശിയ മെഡിക്കൽ ഉപകരണ ഭരണസമിതി ഫാവിലവിർ എന്ന ആന്റിവൈറൽ മരുന്നിന് അനുമതി നൽകി. എഴുപത് ശതമാനം രോഗികളിൽ കുറഞ്ഞ പാർശ്വഫലങ്ങളോടെ മരുന്ന് വളരെ ഫലപ്രദമാണെന്ന് ഷെൻസെനിൽ നടന്ന മരുന്ന് പരീക്ഷണത്തിൽ തെളിഞ്ഞു.
ഏറ്രവുമധികം ജനങ്ങൾ രോഗം ബാധിച്ച് മരിച്ച അമേരിക്കയിലെ മിനസോട്ട സർവ്വകലാശാലയിൽ രക്തസമ്മർദ്ദത്തിനുള്ള മരുന്നായ ലോസാർട്ടാൻ ആണ് പരീക്ഷിക്കുന്നത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ തന്നെ രോഗം ഭേദമാകുന്നുണ്ടോ എന്നും ശ്വാസകോശത്തിന് പൂർണ ആശ്വാസമേകുന്നുണ്ടോ എന്നുമാണ് ഈ മരുന്ന് പരീക്ഷണം വഴി സർവ്വകലാശാല അറിയാൻ ശ്രമിക്കുന്നത്. അലർജി ഇൻഫെക്ഷനുകളെ പറ്റി പഠിക്കുന്ന ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് (NIAID) ആന്റിവൈറൽ മരുന്നായ റെംഡെസിവറും ബാരിസിറ്റിനിബും ചേർന്നുള്ള പരീക്ഷണങ്ങൾക്ക് അനുമതി നൽകി.
സന്ധിവാതത്തിന് ഉപയോഗിക്കുന്ന 'ടോസിലിസുമാബ്' ഗുരുതരമായി രോഗം ബാധിച്ച ആളുകളിൽ പരീക്ഷിക്കുകയാണ് ഫ്രാൻസ്. പാരിസ് സർവ്വകലാശാല ആശുപത്രി ട്രസ്റ്റ് ഗുരുതര ന്യുമോണിയ ബാധിച്ച 129 പേരിലാണ് പരീക്ഷണം നടത്തിയത്. മരണ നിരക്ക് കുറക്കാൻ മരുന്ന് സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചൈനയും ഈ മരുന്ന് അംഗീകരിച്ചിട്ടുണ്ട്.
ജപ്പാൻ അവരുടെ ആന്റിവൈറൽ മരുന്നായ ഫാവിപിറവിർ ആണ് ചൈനയിലെ വുഹാൻ, ഷെൻസെൻ എന്നീ പ്രവിശ്യയിലെ 340 പേർക്ക് പരീക്ഷിച്ചിട്ടുള്ളത്. വളരെയധികം ഫലപ്രദമാണ് മരുന്ന് എന്നാണ് ഇവരുടെ കണ്ടെത്തൽ.
ബംഗ്ളാദേശിലും ഐവർമെക്റ്റൈൻ ഡോക്സി സൈക്ളൈൻ എന്നീ മരുന്നുകൾ സംയോജിപ്പിച്ച് ഡോ.എംഡി.തരേക് അലാമിന്റെ നേതൃത്വത്തിൽ അറുപത് പേരിൽ പരീക്ഷണം നടത്തി. ഇവരിൽ നല്ല ഫലമാണ് കണ്ടതെന്ന് ഡോ.അലാം അറിയിച്ചു. നാല് ദിവസത്തിനകം വൈറസ് നശിച്ചു. പാർശ്വഫലങ്ങൾ ഒന്നുമുണ്ടായില്ല.