pic

മുംബയ്: കൊവിഡ് മൃതദേഹങ്ങളിലൂടെ പടരുമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലന്ന് ബോംബെ ഹൈക്കോടതി. ശ്മശാനത്തിലെ അതിര്‍ത്തി നിര്‍ണയിക്കാന്‍ ബി.എം.സി.ക്ക് പൂര്‍ണ അധികാരമുണ്ടെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരില്‍ നിന്ന് കോടതിച്ചിലവ് ഈടാക്കാനാവുന്നതാണെങ്കിലും സാഹചര്യം പരിഗണിച്ച് അങ്ങനെ ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു.കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബാന്ദ്ര(വെസ്റ്റ്)യിലെ കബര്‍സ്ഥാനില്‍ അടക്കം ചെയ്യാന്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബി.എം.സി.) നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളി.

പൊലീസ് സഹായത്തോടെ പ്രദേശവാസികള്‍ ചേര്‍ന്ന് ശ്മശാനത്തിലെ ഗേറ്റില്‍ സ്ഥാപിച്ച പൂട്ട് നീക്കം ചെയ്യാനും ബി.എം.സി.ക്ക് കോടതി നിര്‍ദേശം നല്‍കി. ഏപ്രില്‍ 13നാണ് ഇവര്‍ ഗേറ്റ് പൂട്ടിയത്. മൃതദേഹം ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിന് എതിരെ പ്രതിഷേധം നടത്തിയതിനു പിന്നാലെ ആയിരുന്നു ഇത്. വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ഏപ്രില്‍ 27ന് കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഹര്‍ജിക്കാര്‍ സ്‌പെഷല്‍ ലീവ് പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.