volvo-cars

ആഡംബര കാറുകൾ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ തെളിയുന്നത് റോൾസ് റോയ്സ്, ബെന്റ്ലി തുടങ്ങിയ വാഹനങ്ങളാണെങ്കിൽ പവർ, പെർഫോമൻസ് എന്നീ കാര്യങ്ങളിൽ ഫെറാറി, ലംബോർഗിനി തുടങ്ങിയ വാഹനങ്ങളായിരിക്കും മനസ്സിൽ തെളിയുന്നത്.എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി നിൽക്കുകയാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ. വോൾവോ പ്രശസ്തി നേടുന്നത് അവരുടെ കാറുകളിലെ സുരക്ഷാ ഫീച്ചറുകൾ വഴിയാണ്. ഒരു കാർ വാങ്ങുമ്പോൾ എല്ലാവരും പരിഗണിക്കുന്നത് കാറിന്റെ സുരക്ഷയാണെങ്കിൽ ആ സുരക്ഷ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നതിൽ വോൾവോ എന്നും മുന്നിൽ തന്നെയാണ്. സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇപ്പോൾ വോൾവോ.

അതിനായി പുത്തൻ വോൾവോ കാറുകളുടെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററായി കമ്പനി ചുരുക്കിയിരിക്കുകയാണ്. വാഹനാപകടം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വോൾവോ ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത്. ഇതുവരെ വോൾവോ കാറുകളുടെ പരമാവധി വേഗത മണിക്കൂറിൽ 190 കിലോമീറ്റർ മുതൽ 250 കിലോമീറ്റർ വരെയായിരുന്നു.

എന്നാൽ ഇനി മുതൽ ഉയർന്ന വേഗതയ്ക്ക് കടിഞ്ഞാണിട്ടത്തോടൊപ്പം കെയർ കീ എന്നൊരു ഫീച്ചറും വോൾവോ കാറുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബങ്ങൾക്കോ ഡ്രൈവിംഗിൽ വൈദഗ്ധ്യം ഇല്ലാത്തവരോ ആയവർക്ക് വാഹനം നൽകുമ്പോൾ ഉയർന്ന വേഗത മണിക്കൂറിൽ 50 കിലോമീറ്ററിനും 180 കിലോമീറ്ററിനും ഇടയിൽ ക്രമീകരിച്ചു നൽകാൻ ഈ സംവിധാനം സഹായിക്കുന്നു.

“ഒരു കാർ നിർമാതാവ് എന്ന നിലയിൽ ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്താൻ വേണ്ട കാര്യങ്ങൾ കൈക്കൊള്ളുക എന്നുള്ളത് ഞങ്ങളുടെ ഉത്തരവാദിത്തം ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” വോൾവോ കാർസ് സേഫ്റ്റി സെന്റർ തലവൻ മാലിൻ എഖോം പറഞ്ഞു. "വേഗത പരിമിതപ്പെടുത്തുന്ന ഞങ്ങളുടെ സാങ്കേതികവിദ്യയും പുത്തൻ ചർച്ചകൾക്ക് വഴിവെക്കും. സ്പീഡ് നിയന്ത്രണവും കെയർ കീയും ജനങ്ങളെ അമിതവേഗത്തിന്റെ പ്രശ്നങ്ങളെപറ്റി നല്ല അവബോധം നൽകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതോടൊപ്പം കൂടുതൽ ആയാസരഹിതമായ ഡ്രൈവിംഗും മികച്ച ഡ്രൈവർ ശൈലി നേടിയുടുക്കാനും ഈ മാർഗ്ഗങ്ങൾ ഡ്രൈവ് ചെയ്യുന്ന വ്യക്തിയെ പിന്തുണയ്ക്കും," മാലിൻ എഖോം പറഞ്ഞു.