pic

തിരുവനന്തപുരം: അഞ്ചൽ ഏരൂരിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ മരുമകന് ക്രിമിനൽ സംഘങ്ങളുമായും പാമ്പ് പിടിത്തക്കാരുമായും ബന്ധമുണ്ടെന്ന് യുവതിയുടെ പിതാവ് പൊലീസിന് മൊഴി നൽകി. ഏറത്തെ വ്യാപാരിയായ വെള്ളശേരിൽ വീട്ടിൽ വിജയസേനൻ്റെ മകൾ ഉത്തരയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി അശോകന് നൽകിയ മൊഴിയിലാണ് ഇതേ പറ്റി പരാമ‌ർശിച്ചിരിക്കുന്നത്.ഉത്തരയുടെ മരണത്തിൽ സൂരജിന് പങ്കുണ്ടെന്നും വിഷപ്പാമ്പിനെ ഉപയോഗിച്ച് മകളെ കൊലപ്പെടുത്തിയതാണെന്നുമാണ് വിജയസേനൻ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.

മൊഴിയുടെ പ്രസക്ത ഭാഗങ്ങളിങ്ങനെ: ഉത്തരയെ 2018 മാർച്ച് 25നാണ് അടൂരിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ക്ളാർക്കായിരുന്ന ഇടത്തരം കുടുംബത്തിൽപ്പെട്ട സൂരജിന് വിവാഹം ചെയ്ത് നൽകിയത്. ബ്രോക്കർ മുഖാന്തിരം വന്ന ആലോചനയായിരുന്നു. 90 പവനോളം സ്വർണവും വിവാഹ ചെലവിനും മറ്റാവശ്യങ്ങൾക്കുമായി സൂരജിന്റെ വീട്ടുകാർ ആവശ്യപ്പെട്ട പണവും മുൻകൂറായി നൽകിയാണ് വിവാഹം നടത്തിയത്. വിവാഹദിവസം സംഭാവനയായി ലഭിച്ച രണ്ട് ലക്ഷം രൂപയും ബൊലേനോ കാറും പിന്നീട് പലപ്പോഴായി പതിനഞ്ച് ലക്ഷത്തോളം രൂപയും സൂരജിന് നൽകിയിട്ടുണ്ട്. വിവാഹശേഷം രണ്ടുമാസം പിന്നിട്ടപ്പോഴേക്കും സൂരജിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായതായി മകൾ വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞയുടൻ ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ഇടപാടുകളുള്ളതായി വെളിപ്പെടുത്തി സൂരജ് അരലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ടിരുന്നു. ആപണം വാങ്ങി സ്ഥാപനത്തിൽ അടച്ചതായി സൂരജ് പറഞ്ഞെങ്കിലും അധികം താമസിയാതെ അവിടുത്തെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ഇതുവരെ മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ജോലി നോക്കി വരുന്നത്.

വിവാഹശേഷം അടൂരിലെ സൂരജിന്റെ വീട്ടിൽ നിന്ന് ബി.ബി.എയ്ക്ക് പഠിക്കുകയായിരുന്ന മകളുടെ പഠനച്ചിലവ് പൂർണമായും താനാണ് വഹിച്ചിരുന്നത്. ഒരു പഴയ ബൈക്ക് മാത്രം സ്വന്തമായുണ്ടായിരുന്ന സൂരജിന് ബുള്ളറ്റ് ബൈക്ക് വാങ്ങാനും ഗൾഫിൽ നിന്ന് നാട്ടിലെത്തി ജോലിയില്ലാതെ നിന്ന സൂരജിന്റെ പിതാവിന് ബൈക്ക് വാങ്ങാനും താനാണ് പണം നൽകിയത്. പണത്തിനായി നിരന്തരം മകളെ ബുദ്ധിമുട്ടിച്ചിരുന്ന സൂരജ് അതിന്റെ പേരിൽ അവളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പല തവണ മകൾ അറിയിച്ചതനുസരിച്ച് അടൂരിലെ സൂരജിന്റെ വീട്ടിലെത്തി ഇതേപ്പറ്റി ചോദിക്കുകയും അപ്പോഴൊക്കെ നിസാരകാര്യങ്ങളാണെന്ന വിധത്തിൽ സൂരജ് തങ്ങളെ ആശ്വസിപ്പിച്ച് തിരിച്ചയക്കുകയുമായിരുന്നു പതിവ്. അടുത്തസമയത്ത് വാഷിംഗ് മെഷീനും അലമാരയും വേണമെന്ന് അറിയിച്ചതനുസരിച്ച് അതും വാങ്ങി നൽകിയിരുന്നു. തന്റെ മകളെ വിവാഹം ചെയ്ത് നൽകിയതിന്റെ പേരിൽ ഒരു അച്ഛനെന്ന നിലയിൽ ചെയ്യാവുന്ന എല്ലാ കടമകളും നിറവേറ്റിയിരുന്നെങ്കിലും സൂരജിന് ഉത്തരയോട് അത്തരത്തിൽ യാതൊരുവിധ സ്നേഹവുമുണ്ടായിരുന്നില്ല. ഒരുവർഷം മുമ്പ് ഇവർക്ക് ഒരു ആൺകുഞ്ഞ് ജനിച്ചെങ്കിലും സൂരജിന്റെ പെരുമാറ്റത്തിൽ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.തൊട്ടതിനും പിടിച്ചതിനുമെല്ലാം ഉത്തരയുമായി വഴക്ക് പതിവാക്കിയിരുന്നു.

ആസൂത്രിതമായി മകളെ വകവരുത്താനാണ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചത്. ഒരുവർഷം മുമ്പ് അടൂരിലെ ഇവരുടെ വീട്ടിൽ സൂരജുമായി അടുപ്പമുള്ള ഒരു പാമ്പ് പിടിത്തക്കാരൻ വന്നിരുന്നു. പാമ്പുമായെത്തിയ ഇയാളുടെ പക്കൽ നിന്ന് പാമ്പിനെ സൂരജ് കൈയ്യിൽ വാങ്ങി എല്ലാവരെയുംകൊണ്ട് അതിനെ തൊടുവിക്കുകയും കളിപ്പിക്കുകയും മറ്റും ചെയ്തിരുന്നു. അതിനുശേഷമാണ് അടൂരിലെ വീട്ടിൽ നിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനം വീടിന്റെ സ്റ്റെയർകേയ്സിൽ പാമ്പിനെ കണ്ടെത്തിയത്. അതിനെ കൈകൊണ്ട് പിടിച്ച് ചാക്കിലാക്കിയ സൂരജ് പിന്നീട് എന്തുചെയ്തുവെന്ന കാര്യം വ്യക്തമല്ല. ഏതാനും ദിവസത്തിന് ശേഷം മാർച്ച് രണ്ടിനാണ് ഉത്തരയ്ക്ക് ആദ്യം പാമ്പ് കടിയേറ്റത്. എന്നാൽ പാമ്പ് കടിയേൽക്കുന്നതിനും മുന്നെ പായസത്തിൽ ഉത്തരയ്ക്ക് ഏതോ ഗുളിക കലർത്തി നൽകിയതായി സംശയമുള്ളതായി വിജയസേനൻ പറഞ്ഞു. രാത്രി എട്ടുമണിയോടെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് ഉത്തരയെ വലതുകാലിൽ പാമ്പ് കടിച്ചത്. ഗുളിക നൽകി മയക്കിയിരുന്നതിനാൽ പാമ്പ് കടിച്ചതിന്റെ ഞെട്ടലോ ഭയമോ ഉത്തര പ്രകടിപ്പിച്ചിരുന്നില്ല. കാലിൽ എന്തോകടിച്ചെന്ന് പറഞ്ഞ ഉത്തരയ്ക്ക് ഏതോ ഗുളിക നൽകി ഉറങ്ങാൻ കിടത്തിയ സൂരജ് അടുത്തദിവസം പുലർച്ചെയോടെയാണ് ഉത്തരയുടെ വീട്ടുകാരെ വിവരം അറിയിച്ചത്. അടൂരിലെ രണ്ട് ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിജയസേനന്റെ നിർദേശപ്രകാരം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ച ഉത്തര 52 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് വീട്ടിലെത്തിയത്. വാക്കറിൽ കഷ്ടിച്ച് നടന്നുതുടങ്ങിയ ഉത്തരയെ അടുത്തദിവസം ആശുപത്രിയിൽ ചെക്കപ്പിന് കൊണ്ടുപോകാനായാണ് സൂരജ് മേയ് 7ന് ഏറത്തെ ഭാര്യവീട്ടിലെത്തിയത്.

എല്ലാദിവസവും രാവിലെ എട്ടുമണിയോടെ ഉറക്കമെഴുന്നേൽക്കുന്ന പ്രകൃതക്കാരനായ സൂരജ് അന്നേദിവസം രാവിലെ ആറുമണിക്ക് തന്നെ ഉണർന്നു. റൂമിന് പുറത്തിറങ്ങി പല്ലുതേയ്ക്കാൻ തുടങ്ങി. ഈസമയം മകളെ കാണാതെ മണിമേഖല അന്വേഷിച്ചെത്തുമ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കാണുന്നത്. ഇടതുതോളിൽ നെഞ്ചിനോട് ചേർന്ന് പാമ്പ് കടിച്ച നിലയിലുള്ള അടയാളം ശ്രദ്ധയിൽപ്പെട്ട മണിമേഖലയുടെ നിലവിളികേട്ടാണ് വിജയസേനനും മറ്റും ഓടിയെത്തിയത്. ഈസമയം മുറിയ്ക്കുള്ളിലേക്ക് ഓടിവന്നെങ്കിലും സൂരജിന് കാര്യമായ ഭാവഭേദമൊന്നുമുണ്ടായില്ലെന്ന് വിജയസേനൻ മൊഴിയിൽ പറയുന്നു. മകളുടെ മരണാനന്തര ചടങ്ങുകൾക്കായി ആറുദിവസത്തോളം ഏറത്തുണ്ടായിരുന്ന സൂരജിന് ഉത്തരയുടെ മരണത്തിൽ യാതൊരുവിഷമവും ഉള്ളതായി തോന്നിയിട്ടില്ലെന്നും മകളുടെ പേരിലുള്ള വസ്തുവകകളും മറ്റും അടൂരിലേക്ക് തിരികെ പോകും മുമ്പ് ചെറുമകന്റെ പേരിലാക്കാനാണ് ശ്രമിച്ചതെന്നും വിജയസേനൻ പരാതിയിൽ പറയുന്നു