കറാച്ചി : പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എയർബസ് A 320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകർന്നു വീണു. വിമാനത്തിൽ 91 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോയ പി.കെ-8303 വിമാനമാണ് ലാൻഡിംഗിന് തൊട്ടുമുമ്പ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാർഡൻ ഏരിയയിലെ മോഡൽ കോളനിയിൽ തകർന്നു വീണത്. വിമാനം തകർന്ന് വീണതിനെത്തുടർന്ന് കോളനിയിലെ എട്ട് വീടുകൾ തകർന്നു. ഇവിടുത്തെ പരിക്കേറ്റ 20 താമസക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് സൈന്യം സ്ഥലത്തെത്തി.
അപകടത്തെത്തുടർന്ന് കറാച്ചി വിമാനത്താവളം താത്കാലികമായി അടച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ലോക്ക്ഡൗൺ ഇളവ് നൽകി വിമാന സർവീസിന് പാകിസ്ഥാൻ അനുമതി നൽകിയത്. 2016 ൽ പാക് ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനം തകർന്നു വീണ് 40 ആളുകൾ കൊല്ലപ്പെട്ടിരുന്നു.