kerala-police

കൊച്ചി: നിരീക്ഷണ കാലയളവിൽ ക്വാറൻ്റീൻ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. ക്വാറൻ്റീൻ ലംഘനം സംബന്ധിച്ച പരാതികൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. തുടർച്ചയായി നിയമം ലംഘിച്ച് പുറത്തിറങ്ങിയ 18 പേരെ ഇന്ന് സർക്കാർ ക്വാറന്‍റീനിലേക്ക് മാറ്റി.

ഇതിൽ പലരും നാല് ദിവസത്തിനിടെ 15 തവണ വീട് വിട്ട് പുറത്തിറങ്ങിയവരെയാണ് കേന്ദ്രത്തിലേക്ക് മാറ്റിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെയാണ് കൂടുതലായി ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലുള്ളത് . കൊച്ചിയിൽ വീടുകളിൽ കഴിയുന്നവരുടെ എണ്ണം 2200 ആണ്. ഇവരിൽ ചിലർക്കെങ്കിലും കൊവിഡ് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

ഇവരിൽ 300 ലേറെ പേര്‍ നിരവധി വട്ടം വീട് വിട്ടെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. ഇത്തരം ആളുകളെ ആദ്യഘട്ടം താക്കീത് ചെയ്ത് വീടുകളിൽ പാർപ്പിക്കുകയാണ് കൊച്ചിയിൽ ചെയ്തത്. വീടുകളിൽ നിരീക്ഷണത്തിലിരിക്കേ പുറത്തിറങ്ങുതെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ ലംഘിച്ചവരെ ഇടക്കൊച്ചിയിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ പേർ സംസ്ഥാനത്തേക്ക് എത്തുന്നതോടെ പൊലീസിന്റെ നേതൃത്വത്തിൽ നിരീക്ഷണം നഗരത്തിൽ ശക്തമാക്കിയിരുന്നു.

നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾ രണ്ടു തവണപരിശോധിച്ചിരുന്നു. നിരീക്ഷണ ആപ്പ് ഉപയോഗിച്ചും ബീറ്റ് പൊലീസിനെ ഉപയോഗിച്ച് നേരിട്ടുമായിരുന്നു പരിശോധന. ഇതേത്തുടന്നാണ് ക്വാറൻ്റീൻ ലംഘകരെ കണ്ടെത്തിയത്. ക്വാറൻ്റീൻ

ലംഘിക്കുന്നവരെ താമസിപ്പിക്കാൻ മാത്രമായി ഇടക്കൊച്ചിയിൽ പ്രത്യേക ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ കേന്ദ്രവും ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ ക്വാറൻ്റീൻ ലംഘിച്ച ആറു പേരെ ഇങ്ങോട്ട് എത്തിച്ചു. മറ്റു രോഗം ഉള്ളവരെ ചിലരെ കർശന വ്യവസ്ഥകളോടെ ഹോം ക്വാറൻ്റീനിൽ തുടരാൻ അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമായി തുടരുമെന്നും ക്വാറൻ്റീൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.