തിരുവനന്തപുരം : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്രയും സെക്രട്ടറി ജനറൽ രാജീവ് മേത്തയും തമ്മിൽ നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന അധികാര വടംവലി പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ സെക്രട്ടറി ജനറലിന്റെ ജോലിഭാരം കുറയ്ക്കാനായി മറ്റുള്ളവർക്കായി ചുമതലകൾ വീതിച്ചുനൽകുകയാണെന്ന് കഴിഞ്ഞദിവസം നരീന്ദർ ബത്ര ഇൗമെയിൽ അയച്ചിരുന്നു. എന്നാൽ തന്റെ അധികാരം കവരാൻ ആരും മുതിരണ്ട, തനിക്കൊരു ജോലിഭാരവും ഇപ്പോഴില്ലെന്നും രാജീവ്മേത്ത മറുപടി നൽകി. ഇന്റർനാഷണൽ ഹോഫി ഫെഡറേഷന്റെ പ്രസിഡന്റ് കൂടിയായ ബത്ര തന്റെ ജോലിഭാരത്തെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ലെന്നും മേത്ത പറഞ്ഞു. ഇൗ മറുപടി എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും അറിയിക്കുകയും ചെയ്തു.
2017 ലാണ് ബത്ര പ്രസിഡന്റായും മേത്ത സെക്രട്ടറി ജനറലായുമുള്ള കമ്മിറ്റി സ്ഥാനമേറ്റത്. കുറച്ചുനാളുകൾക്കകം ഇരുവരും തമ്മിൽ അധികാര തർക്കം ആരംഭിച്ചിരുന്നു. പ്രസിഡന്റ് എന്ന നിലയിൽ നയപരമായ തീരുമാനമെടുക്കുന്ന ബത്രയെ ഒാഫീസ് കാര്യങ്ങളുടെ ചുമതലയുള്ള രാജീവ് മേത്ത ചോദ്യം ചെയ്തിരുന്നു. പല അസോസിയേഷനുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ടും ഒളിമ്പിക് അസോസിയേഷനിൽ ബത്ര പക്ഷവും മേത്ത പക്ഷവും ഉടലെടുത്തിരുന്നു.
രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഒാഫീസ് ചുമതലയുള്ള രാജീവ് മേത്ത കുടുംബത്തോടൊപ്പം സ്വദേശമായ നൈനിറ്റാളിലാണ് ബത്ര ഐ.ഒ.എ ഹെഡ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന ഡൽഹിയിലും. ഇൗ സാഹചര്യത്തിൽ ഒാഫീസ് ചുമതലകൾ താൻ ഏറ്റെടുക്കുകയാണെന്നും ചിലത് മറ്റുള്ളവർക്കായി വിഭജിച്ച് നൽകുകയാണെന്നും ബത്ര ഇൗ മെയിലിലൂടെ രാജീവ് മേത്തയെ അറിയിക്കുകയായിരുന്നു. ഇത് തന്റെ അധികാരങ്ങൾ കവർന്നെടുക്കാനുള്ള നീക്കമായാണ് മേത്ത കരുതിയത്. തുടർന്നാണ് ശക്തമായ ഭാഷയിൽ മറുപടി നൽകിയത്.
ബത്രയുടെ പക്ഷം
രാജീവ് മേത്ത കുടുംബത്തോടൊപ്പം നൈനിറ്റാളിലാണ്. ഡൽഹിയിലെ ഒാഫീസിൽ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് പ്രധാന ചുമതലകൾ ഞാൻ ഏറ്റെടുക്കുന്നു. മറ്റുള്ളവർക്കായി ചിലത് വിഭജിക്കുകയും ചെയ്യുന്നു. മേത്ത നൈനിറ്റാളിൽ കുടുംബ ബിസിനസിന്റെ തിരക്കുകളിലാണ് അദ്ദേഹത്തെ കൂടുതൽ ബുദ്ധിമുട്ടിക്കേണ്ടതില്ല.
മേത്തയുടെ മറുപടി
ഒാൺ ലൈനായി ചുമതലകൾ നിറവേറ്റാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഇത്രയും ദിവസം ഞാനത് നിർവഹിക്കുകയും ചെയ്തു. സെക്രട്ടറിയുടെ ചുമതലകളോട് ബത്രയ്ക്ക് അത്ര താത്പര്യമായിരുന്നുവെങ്കിൽ 2017 ൽസെക്രട്ടറി ജനറലായി മത്സരിക്കാൻ പാടില്ലായിരുന്നോ എനിക്ക് ലോക ഹോക്കി ഫെഡറേഷന്റെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയും ചുമതലകൾ ഒരേസമയം വഹിക്കേണ്ട ഭാരവുമില്ല.