കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഭാരതീയ ചികിത്സാ വകുപ്പ് വിതരണം ചെയ്യുന്ന മരുന്നുകളിൽ ഉൾപ്പെട്ട, ഔഷധിയുടെ അപരാജിത ധൂമ ചൂർണം ദേശീയതലത്തിൽ ശ്രദ്ധ നേടുന്നു. പുകയ്ക്കാൻ (അണുവിമുക്തമാക്കാൻ) ഉപയോഗിക്കുന്ന ഈ മരുന്നിന്റെ മികവ് സംബന്ധിച്ച്, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ മുൻ അംഗവും ബ്രൂക്കിംഗ്സ് ഇൻസ്‌റ്റിറ്റ്യൂട്ട് ഇന്ത്യ സെന്ററിലെ സാമ്പത്തിക ശാസ്ത്രജ്ഞയും സീനിയർ ഫെലോയുമായ പ്രൊഫ. ഷാമിക രവി ട്വിറ്ററിൽ കുറിച്ചിരുന്നു. തുടർന്നാണിത് ദേശീയ തലത്തിൽ ചർച്ചയായത്.

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന് വ്യപകമായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷാമിക ട്വിറ്രറിൽ ചൂണ്ടിക്കാട്ടി. മികച്ച ഡിമാൻഡാണ് ഇപ്പോൾ അപരാജിത ധൂമ ചൂർണത്തിനുള്ളതെന്ന് ഔഷധി മാനേജിംഗ് ഡയറക്‌ടർ കെ.വി. ഉത്തമൻ പറഞ്ഞു. സർക്കാർ ഓഫീസുകളും പരിസരവും അണുവിമുക്തമാക്കാൻ ഔഷധി 500 കിലോ അപരാജിത ധൂമ ചൂർണം നൽകിയിരുന്നു.

ലോക്ക്ഡൗണിലും അപരാജിത ധൂമ ചൂർണത്തിന് 20,000 കിലോയിലധികം വില്പന നടന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം ഉത്‌പാദനം 50,000 കിലോയാണ്. ചിക്കുൻഗുനിയ, ഡെങ്കി എന്നിവ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഈ മരുന്ന് കേരളം വ്യാപകമായി ഉപയോഗിച്ചിരുന്നു. 1,200 ആയുർവേദ ഡിസ്‌പെൻസറികൾ, രാജ്യത്തെ 650 ഔഷധി റീട്ടെയിൽ യൂണിറ്റുകളിലൂടെയുമാണ് വിതരണം.