mahara

മുംബയ് : മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർദ്ധന. ഇന്ന് മാത്രം 2940 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 44,582 ആയി. രാജ്യത്ത് ഇന്ന് ആറായിരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ പകുതിപേരും മഹാരാഷ്ട്രയിലാണ്. ഇന്ന് 148 പേരാണ് മരിച്ചത്.

ധാരാവിയില്‍ ഇന്ന് 53 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ മാത്രം 1478 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണം 57 ആയി.

വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 1751 രോഗികളും 27 മരണവും മുംബയിലാണ്. 27000 ത്തിലേറെ പേർക്കാണ് മുംബൈയിൽ മാത്രം വൈറസ് പിടിപെട്ടത്, മരണം 909 ആയി വർധിച്ചു.

താനെയിൽ രോഗികളുടെ എണ്ണം 5000 കടന്നു. പൂനെയിൽ രോഗികളുടെ എണ്ണം അയ്യായിരത്തിലേക്ക് അടുക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 12,583 പേരാണ് രോഗമുക്തരായത്. നിലവിൽ 30,474 പേർ ചികിത്സയിൽ തുടരുകയാണ്. 3,32,777 പേരിൽ കോവിഡ് പരിശോധന നടത്തി. ഇന്ത്യയിൽ ഇതുവരെ 1,18,447 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മരണസംഖ്യ 3583 ആയി.