ദുബായ്: ഗള്‍ഫിൽ ഇന്നുമാത്രം ഇന്നുമാത്രം കൊവിഡ് ബാധിച്ച് നാല് മലയാളികള്‍ മരിച്ചു. ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 100 ആയി. യു.എ.ഇയിലെ അജ്മാനിൽ കൊവിഡ് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിയായ വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ പിള്ളയാണ് ഇന്ന് മരിച്ചവരിലൊരാള്‍. കഴിഞ്ഞമാസം 26 മുതൽ അജ്മാൻ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് മരിക്കുകയായിരുന്നു.
തൃശൂർ സ്വദേശിയായ പുത്തൻചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണൻ ഷാർജയിൽ വെച്ചാണ് മരിച്ചത്. ഷാർജയിൽ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്ന ഉണ്ണികൃഷ്ണൻ നാല് മാസം മുമ്പാണ് നാട്ടിൽ വന്നു മടങ്ങിയത്. ഹൃദ്രോഗത്തെ തുടർന്ന് ഇദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. പ്രമേഹവും ഉണ്ടായതായാണ് വിവരം.
പയ്യന്നൂര്‍ സ്വദേശി അസ്‍ലം ദുബായിലാണ് മരിച്ചത്. 28 വയസായിരുന്നു. കോഴിക്കോട് ഫറോഖ് സ്വദേശി പാലക്കോട്ട് ഹൗസില്‍ അബ്ദുള്‍ അസീസ് പി.വി (52) ദമാമിലും മരിച്ചു. ഒരാഴ്ചയായി ജുബൈൽ മുവാസത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അബ്ദുല്‍ അസീസ്. രണ്ടാഴ്ച മുമ്പ് കമ്പനി ആവശ്യാർഥം മറ്റൊരു ജീവനക്കാരനുമായി ഒരു വാഹനത്തിൽ ഖഫ്ജിയിൽ പോയി വന്നിരുന്നു. യമനി പൗരനായ സഹയാത്രികന് കൊവിഡ് ബാധിച്ച വിവരം അദ്ദേഹം വൈകിയാണ് അറിഞ്ഞത്. രോഗം ബാധിച്ചു ചികിത്സയിൽ തുടരുന്നതിനിടെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട് അബ്‍ദുൽ അസീസ് കുഴഞ്ഞു വീഴുകയായിരുന്നു.