മുംബയ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനാകാൻ സൗരവ് ഗാംഗുലിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്ടനും ഇപ്പോ ക്രിക്കറ്റ് ഡയറക്ടറുമായ ഗ്രേം സ്മിത്തിന്റെ പ്രസ്താവന പുതിയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നിടുന്നു. അടുത്തയാഴ്ച നടക്കുന്ന ഉന്നതതല ടെലികോൺഫറൻസിൽ ഐ.സി.സി ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി പ്രഖ്യാപിക്കും.
ഇന്ത്യക്കാരനായ ശശാങ്ക് മനോഹർ സ്ഥാനമൊഴിയുന്ന കസേരയിലെക്കാണ് തിരഞ്ഞെടുപ്പ്. ബി.സി.സി. ഐയുമായി അത്ര രസത്തിലല്ല മനോഹർ. തങ്ങൾക്ക് പിന്തുണ നൽകുന്ന ഇന്ത്യക്കാരൻ തന്നെ ഐ.സി.സി തലപ്പത്ത് ഉണ്ടാകണമെന്ന് ബി.സി.സി.ഐ ഭാരവാഹികൾ ആഗ്രഹിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയൊഴികെയുള്ള ക്രിക്കറ്റ് ബോർഡുകളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലാണ്. എല്ലാവരും ഇന്ത്യയുടെ സഹായം ആഗ്രഹിക്കുന്നുണ്ട്. അതിനാൽ ഐ.സി.സി തിരഞ്ഞെടുപ്പിൽ ഇന്ത്യൻ താത്പര്യങ്ങൾക്ക് എതിരെ നിൽക്കാൻ സാദ്ധ്യതയില്ല.
അതേസമയം ഒരുവർഷം പോലും ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് തികച്ച് ഇരിക്കാതെ സൗരവ് ഐ.സി.സി ചെയർമാനാകാൻ താത്പര്യപ്പെടുമോ എന്നാണ് അറിയേണ്ടത്. ഗാംഗുലി അല്ലെങ്കിൽ പകരമാര് എന്ന ചർച്ചകളും ബി.സി.സി.ഐക്കുള്ളിൽ ചൂട് പിടിച്ചിട്ടുണ്ട്.