ബ്രസീലിയ: ലോകത്ത് ഏറ്രവുമധികം കൊവിഡ്-19 രോഗബാധിതരുള്ള രാജ്യങ്ങളിൽ അമേരിക്കയ്ക്ക് പിന്നിൽ ബ്രസീൽ രണ്ടാമതായി എത്തി. 3,30,890 രോഗികളാണ് ഇവിടെയുള്ളത്. രോഗബാധയിൽ രണ്ടാമതായിരുന്ന റഷ്യയെയാണ് ബ്രസീൽ മറികടന്നത്. 3,26,488 പേർക്കാണ് റഷ്യയിൽ അസുഖം ബാധിച്ചവരായുള്ളത്. ഇതുവരെ 21,048 പേരാണ് ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1001 പേർ മരിച്ചു. ഇത് മൂന്നാം തവണയാണ് ഒരു ദിവസം ആയിരത്തിലധികം പേർ മരിക്കുന്നത്.
തെക്കേ അമേരിക്കയെ പുതിയ രോഗപ്രഭവകേന്ദ്രമായി ലോകാരോഗ്യ സംഘടന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ രോഗം അതിവേഗം പടരുകയാണ്.ബ്രസീലാണ് അതിൽ പ്രധാനം.' ലോകാരോഗ്യ സംഘടന എമർജൻസി ഡയറക്ടർ മൈക്ക് റയാൻ പറയുന്നു.
കൊവിഡ് മരണനിരക്കിൽ ലോകത്ത് ആറാമതാണ് ബ്രസീൽ ഇപ്പോൾ. റഷ്യയിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടെങ്കിലും 3200 പേരാണ് അവിടെ മരിച്ചത്.എന്നാൽ ജൂൺ മാസത്തിലാകും ബ്രസീലിൽ ഏറ്രവുമധികം രോഗബാധയുണ്ടാകുക എന്ന് അറിയിപ്പുകളുണ്ട്. 21 കോടി ജനസംഖ്യയുള്ള രാജ്യത്ത് ജനങ്ങൾ കൊവിഡ് പ്രതിരോധത്തിൽ വേണ്ടത്ര ശ്രദ്ധാലുക്കളല്ല. മാത്രമല്ല പ്രസിഡന്റ് ജെയർ ബൊൾസനാരോ വീടുകളിൽ ജനങ്ങൾ കഴിയണമെന്ന ഉത്തരവിൽ മുൻപ് ഖേദവും പ്രകടിപ്പിച്ചിരുന്നു.