ന്യൂഡൽഹി: ഒന്നും രണ്ടും ഘട്ട ലോക്ക് ഡൗണുകളിലൂടെ രാജ്യത്ത് പതിനാല് ലക്ഷം മുതൽ ഇരുപത്തിയൊൻപത് ലക്ഷം വരെ ജനങ്ങളെ രോഗിയാകാതെ തടുത്ത് നിർത്താനായെന്ന് നീതി അയോഗ് അംഗം വിനോദ് പൗൾ. ഇതിലൂടെ 54000 മരണങ്ങളും തടയാനായെന്ന് അദ്ദേഹം അറിയിച്ചു.
മാർച്ച് 25ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം നടത്തിയ വിവിധ പകർച്ചാവ്യാധി മാതൃകാ പഠനങ്ങളിലാണ് ഈ വിവരങ്ങളുള്ളതെന്ന് പോൾ പറഞ്ഞു. രാജ്യം ശരിയായ വഴിയിലൂടെയാണ് നീങ്ങുന്നതെന്ന് പഠനവിവരങ്ങൾ പറയുന്നുണ്ട്. സാഹചര്യം വളരെ മോശമാകുമായിരുന്നു. എന്നാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ അവ നടന്നില്ല. അഞ്ചോളം ഏജൻസികൾ നടത്തിയ വസ്തുത അപഗ്രഥനത്തിൽ ആണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 80% രോഗം ബാധിച്ചിരിക്കുന്നത് അഞ്ച് സംസ്ഥാനങ്ങളെയാണ്.
90% രോഗബാധ 10 സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര,തമിഴ്നാട്, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബീഹാർ, കർണാടക എന്നിവയാണ് ആ സംസ്ഥാനങ്ങൾ.
95% മരണവും സംഭവിച്ചിരിക്കുന്നത് പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്. അതിൽ 70% നഗരങ്ങളിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി,രാജസ്ഥാൻ, ഉത്തർ പ്രദേശ്, തമിഴ്നാട്, ആന്ധ്ര പ്രദേശ്,
കർണാടക എന്നിവായാണ് ആ സംസ്ഥാനങ്ങൾ. മുംബൈ, അഹമ്മദാബാദ്, പൂനെ,ഡൽഹി, കൽക്കത്ത, ഇൻഡോർ, താനെ, ജയ്പൂർ, ചെന്നൈ, സൂറത്ത് എന്നിവയാണ് നഗരങ്ങൾ.
ശക്തമായ ലോക്ക് ഡൗണിലൂടെ സർക്കാരിന് രോഗ പരിശോധനയ്ക്കും, ആശുപത്രികൾ സജ്ജീകരിക്കാനും ആരോഗ്യ പ്രവർത്തകർക്ക് വേണ്ടത്ര പരിശീലനങ്ങൾ നൽകാനും അവസരം ലഭിച്ചു. രാജ്യം രോഗത്തെ നേരിടാൻ സജ്ജമാണെങ്കിലും ലോക്ക് ഡൗൺ ഇളവുകൾ ക്രമേണ ഓരോ മേഖലകളിലും നൽകുന്നതിലൂടെ രോഗം പിന്നീടും പടരുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള രോഗപ്രതിരോധ ശേഷി നമുക്കില്ല. അതിനാൽ നാം വളരെയധികം ശ്രദ്ധിക്കുകയും പ്രതിരോധ മാർഗ്ഗങ്ങളായ വ്യക്തി ശുചിത്വം, സാമൂഹ്യ അകലം പാലിക്കൽ, മാസ്ക് നിർബന്ധമായും ധരിക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ ജാഗ്രതയുള്ളവരാകണം.