kaumudy-news-headlines

1. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഇരിക്കേ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം, എസ്.എസ്. എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷ എഴുതുന്ന കുട്ടികളെ പരിശോധിക്കാനുള്ള തെര്‍മോമീറ്ററുകള്‍ തയ്യാറായി. 5000 ഐ.ആര്‍ തെര്‍മോമീറ്ററുകള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. തെര്‍മോമീറ്ററുകള്‍ നല്‍കിയത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്കും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വരുന്നവര്‍ക്കും പ്രത്യേക സൗകര്യം ഒരുക്കും. ഗള്‍ഫില്‍ പരീക്ഷക്ക് അനുമതിയായി.


2. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയും പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സ്‌കൂളുകളുടെ അണുനശീകരണം, മാസ്‌ക്, സാനിറ്റൈസര്‍ വിതരണം എല്ലാത്തിനും ക്രമീകരണം ആയി. 10,920 വിദ്യാര്‍ഥികള്‍ പരീക്ഷ കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദ്യാര്‍ഥികളെ പ്രത്യേകം ഇരുത്തും. കണ്ടൈയിന്‍മെന്റ് സോണ്‍, ക്വാറന്റൈന്‍ വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും സൗകര്യമുണ്ട്. കോളജുകളില്‍ ജൂണ്‍ 1 ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
3 സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ, പത്തനംതിട്ട, എറണാകുളം,തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇടിമിന്നലിന് സാദ്ധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 40 കിലോ മിറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ഈ മാസം 26 വരെ സംസ്ഥാനത്ത് വേനല്‍മഴ സജീവമാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാകും. ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴയുണ്ടാകും.
4 അതിനിടെ, തിരുവനന്തപുരത്ത് ഇന്നലെ ഉണ്ടായ കനത്ത മഴയില്‍ നൂറിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് 22 സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. തിരുമല, മണക്കാട്, നേമം വില്ലേജുകളില്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. കിള്ളിയാര്‍ നിറഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് 85 വീടുകളിലെ താമസക്കാരെ ബന്ധു വീടുകളിലേക്ക് മാറ്റി. ഇവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടവും നഗരസഭയും രംഗത്തുണ്ട്. വെള്ളപ്പൊക്ക കെടുതികള്‍ നേരിട്ട സ്ഥലങ്ങളിലെ നാശ നഷ്ടങ്ങള്‍ വിലയിരുത്താന്‍ റവന്യു ഉദ്യോഗസ്ഥര്‍ ഇന്ന് പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
5 കൊറോണ വൈറസിന് എതിരേയുള്ള വാക്സിന്റെ മനുഷ്യരില്‍ നടത്തിയ ആദ്യ പരീക്ഷണത്തില്‍ പ്രത്യാശ നല്‍കുന്ന ഫലം. 108 പേരില്‍ ആഡ്5എന്‍കോവ് വാക്സിന്‍ പരീക്ഷിച്ചു. വാക്സിന്‍ സ്വീകരിച്ചവരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗ പ്രതിരോധ ശേഷി വര്‍ധിച്ചതായി പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണം ദി ലാന്‍സെറ്റ് ലേഖനത്തില്‍ അവകാശപ്പെടുന്നു. ചൈനയിലെ ജിയാംഗ്സു പ്രോവിന്‍ഷ്യല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ പ്രഫസര്‍ ഫെംഗ്ചായ് ഷുവിന്റെ നേതൃത്വത്തില്‍ ആയിരുന്നു പഠനം. പരീക്ഷണം പൂര്‍ണ വിജയമെന്നു പറയാന്‍ ഇനിയും സമയം ആവശ്യമാണ്. പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുമോ എന്നത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണം വേണം. ആറു മാസത്തിനുള്ളില്‍ അന്തിമഫലം ലഭിക്കുമെന്നും പരീക്ഷണത്തിനു നേതൃത്വം നല്‍കിയവര്‍ പറയുന്നു.
6 ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 5,245 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3,39,000 പിന്നിട്ടു. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയില്‍ 1283 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 97,637 ആയി. വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേ അമേരിക്ക മാറുന്നെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് രണ്ടരലക്ഷത്തില്‍ അധികം പേരാണ് . രാജ്യത്തെ വിമാന താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അടുത്തമാസം എട്ട് മുതല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി
7 റഷ്യയിലും രോഗവ്യാപന തോത് ഉയരുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങിയതോടെ ലോകത്ത് 80 ദശലക്ഷം ശിശുക്കള്‍ക്ക് വാക്സിനേഷനിലൂടെ തടയാന്‍ കഴിയുന്ന പോളിയോ, ഡിഫ്ത്തീരിയ, മീസില്‍സ് തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യത ഉണ്ടെന്ന് ഐക്യരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. നേപ്പാളില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. പുതിയതായി 32 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 548 ആയതായി നേപ്പാള്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു
8 അമേരിക്കയില്‍ കോവിഡിനു പിന്നാലെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ വ്യാപകമായി വിപണി തുറക്കാന്‍ ആഹ്വാനം ചെയ്ത് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ ഇളവ് പ്രഖ്യാപിച്ചേക്കും എന്നാണ് പ്രതീക്ഷ എന്ന് ട്രംപ് പറഞ്ഞു
9 കാറാച്ചിയില്‍ ഇന്നലെ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി. മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. രക്ഷപ്പെട്ടത് രണ്ടുപേര്‍ മാത്രം. ലാഹോറില്‍ നിന്നുള്ള വിമാനത്തില്‍ 91 യാത്രക്കാര്‍ അടക്കം 99 പേര്‍ ഉണ്ടായിരുന്നു. നിരവധി കെട്ടിടങ്ങള്‍ തര്‍ന്നു. 11 പ്രദേശ വാസികള്‍ക്കും പരിക്കേറ്റു. തകര്‍ന്നു വീഴുന്നതിന് മുന്‍പ് മൂന്ന് തവണ ലാന്‍ഡിംഗിന് ശ്രമിച്ചതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. പൈലറ്റ് അയച്ച അവസാന സന്ദേശത്തില്‍ എന്‍ജിന്‍ തകരാര്‍ സംഭവിച്ചു എന്ന് പറഞ്ഞതായി പാക് സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.