ന്യൂഡൽഹി:- ദിവസേനയുള്ള വാഹന അപകടങ്ങളുടെ വാർത്തകളും ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയും ആയിരക്കണക്കിന് കിലോമീറ്ററുകൾക്ക് അകലെയുള്ള സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നതിന് ഈ കുടിയേറ്ര തൊഴിലാളികൾക്ക് ഒരു പ്രശ്നമല്ല. ഉത്തർപ്രദേശ്-ഹരിയാന സംസ്ഥാനങ്ങളുടെ അതിർത്തിയിലൂടെ ഒഴുകുന്ന യമുനാ നദി രാത്രിയിൽ മുറിച്ചുകടന്ന് അവർ തങ്ങളുടെ യാത്ര തുടരുകയാണ്. രണ്ടായിരത്തോളം പേരാണ് സാധനങ്ങൾ അടങ്ങിയ ഭാണ്ഡവും തലയിലേറ്റി നദി മുറിച്ചുകടക്കുന്നത്.
വേനൽകാലത്ത് നദിയിലെ ജലനിരപ്പ് പലയിടത്തും കണങ്കാലോളമേയുള്ളൂ.
ആ തക്കത്തിന് സംസ്ഥാനാതിർത്തി കടക്കുകയാണ് തൊഴിലാളികൾ. ഒരു ദിവസം 2000 ആളുകളെങ്കിലും ഇങ്ങനെ നദി കടന്ന് പോകുന്നുണ്ട്. പലരുടെയും കൈയിൽ പണമില്ല. വേണ്ടത്ര ആഹാരവുമില്ല. പകൽ കൊടുംചൂട് കാരണം സഞ്ചരിക്കാനാകില്ല. രാത്രിയിൽ നദി മറികടക്കുന്നതുകൊണ്ട് റോഡീലൂടെ പോകുമ്പോഴുള്ള പൊലീസ് ചോദ്യംചെയ്യലും മർദ്ദനവും ഒഴിവാക്കാനാകും എന്നതുകൊണ്ടാണ് ഈ വഴി തിരഞ്ഞെടുക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്. ബിഹാറിലും മറ്ര് സംസ്ഥാനങ്ങളിലും പോകേണ്ടവരാണ് പല തൊഴിലാളികളും. മറ്റ് വഴികളില്ലാത്തതിനാൽ അത്രദൂരവും നടന്ന് തന്നെ പോകുമെന്നാണ് ഇവരുടെ അഭിപ്രായം.
അടുത്തുള്ള ഗ്രാമവാസികൾ നടന്നുപോകുന്നവർക്ക് ആഹാരം നൽകുന്നുണ്ട്. അതിർത്തിയിലെ ശരൺപൂരിലെ പൊലീസ് വകുപ്പ് അധികാരികൾ ജില്ലാ ഭരണകൂടത്തെ വിവരങ്ങൾ അറിയിക്കുന്നുണ്ട്. തൊഴിലാളികൾക്ക് വേണ്ട സൗകര്യം ചെയ്യാമെന്നാണ് അധികൃതർ പറയുന്നത്.