pak

ഇസ്ളാമാബാദ്:- രാജ്യത്ത് കൊവിഡ്-19 രോഗബാധ ശക്തമായി തുടരവെ രോഗം പടരാൻ കാരണം ഇറാനിൽ നിന്ന് വന്ന തീർത്ഥാടകരാണെന്നും അല്ലെന്നും ചൊല്ലി പാകിസ്ഥാനിൽ വിവാദം. എന്നാൽ തിരികെയെത്തിയ രോഗികളെ സർക്കാർ കൈകാര്യം ചെയ്തത് മോശമായാണെന്ന് കാണിക്കുന്ന ഒരു റിപ്പോർട്ട് പുറത്തുവന്നു. ഇസ്ളാമാബാദ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (IPI) ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. 28 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം കൊവിഡ് നെഗറ്റീവായാൽ വീട്ടിലേക്ക് മടങ്ങാമെന്നായിരുന്നു ആദ്യ അറിയിപ്പ്. പക്ഷെ പലരും 50 ദിവസത്തോളം ക്വാറന്റൈനിൽ കഴിയേണ്ടി വന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

മതിയായ സുരക്ഷാ പരിശോധനയില്ലാതെയാണ് തീർത്ഥാടകരെ രാജ്യത്തേക്ക് കടത്തിയതെന്ന് പാകിസ്ഥാൻ മുസ്ളിം ലീഗ് നേതാവ് ഖ്വാജ അസിഫ് ആരോപിച്ചു. ഈ ആരോപണം അധികൃതർ നിഷേധിച്ചു. ഇറാനിൽ കൊവിഡ് പടർന്നുപിടിച്ച സമയത്ത് 7000 പേരാണ് ഇറാനിൽ നിന്ന് പാകിസ്ഥാനിലെത്തിയത്. ഇറാൻ അതിർത്തിയായ തഫ്താനിൽ സർക്കാർ നിരന്തരം തീർത്ഥാടകരെ പരിശോധിക്കുന്ന ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രമിച്ചു എന്ന് റിപ്പോർട്ടിലുണ്ട്.

മുൻപും പാകിസ്ഥാനിലെ അതിർത്തികളിലെ പ്രവേശന കവാടങ്ങളിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് ആരോപണം വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയാണ് അങ്ങനെ ആരോപണം ഉന്നയിച്ചത്. എന്നാൽ തഫ്താനിൽ ക്വാറന്റൈനിൽ കഴിഞ്ഞവരെയെല്ലാം ഒരുമിച്ച് താമസിപ്പിച്ചതാണ് കുഴപ്പമാകാൻ കാരണമെന്നും ഐപിഐ റിപ്പോർട്ടിലുണ്ട്.