ദുബായ് : പല രാജ്യങ്ങളിലും കൊവിഡ് ലോക്ക്ഡൗണിൽ ഇളവ് വന്നതോടെ ക്രിക്കറ്റ് പരിശീലനവും ആരംഭിച്ചെങ്കിലും വീണ്ടും കളിക്കാനിറങ്ങുമ്പോൾ ബൗളർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ആരോഗ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.ദീർഘനാളിന് ശേഷം കളിക്കാനിറങ്ങുമ്പോൾ ബൗളർമാർക്ക് പ്രത്യേകിച്ച് പേസർമാർക്ക് പരിക്കുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ഐ.സി.സി ചൂണ്ടിക്കാട്ടുന്നത്. ടെസ്റ്റ്ബൗളർമാർരണ്ടോമൂന്നോ മാസത്തെ പരിശീലനത്തിന് ശേഷം കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്നും ഐ.സി.സി മുന്നറയിപ്പിൽ പറയുന്നു. ഏകദിനത്തിലും ട്വന്റി -20യിലും ഒന്നരമാസത്തെയെങ്കിലും പരിശീലനം കഴിഞ്ഞാൽ കളിക്കാനിറങ്ങാം. കഴിഞ്ഞ ദിവസം ഇംഗ്ളണ്ടിൽ ബൗളർമാരടക്കം പരിശീലനം പുനരാരംഭിച്ച സാഹചര്യത്തിലാണ് ഐ.സി.സിയുടെ മുന്നറിയിപ്പ്. പരിശീലനത്തിനിറങ്ങുന്നവർക്കൊപ്പം ആരോഗ്യ സുരക്ഷാ ജീവനക്കാരനെ നിയമിക്കണമെന്നും നിർദ്ദേശമുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ടെസ്റ്റ് ബൗളർമാർ പന്തിൽ തുപ്പൽ പുരട്ടുന്നത് നിരോധിക്കാൻ കഴിഞ്ഞയാഴ്ച അനിൽ കുംബ്ളെ അദ്ധ്യക്ഷനായ ക്രിക്കറ്റ് കമ്മറ്റി ഐ.സി.സിക്ക് ശുപാർശ നൽകിയിരുന്നു.