hertha-berlin-bundes-liga
hertha berlin bundes liga

ജർമ്മൻ ബുണ്ടസ് ലിഗയിലെ മടങ്ങിവരവിൽ ഹെർത്ത ബെർലിന് തുടർച്ചയായ രണ്ടാം ജയം

4-0

ബെർലിൻ ഡെർബിയിൽ യൂണിയനെ തകർത്തത് മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തകർത്തു

ബെർലിൻ : കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷമുള്ള ബുണ്ടസ് ലീഗയിലെ രണ്ടാം വരവിൽ തകർത്താടുകയാണ് ഹെർത്ത ബെർലിൻ. ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹോഫെൻഹെയ്മിനെ മറികടന്നിരുന്ന ഹെർത്ത കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലുഗോളുകൾക്ക് നഗരവൈരികളായ യൂണിയൻ ബെർലിനെ കീഴടക്കിയാണ് മടങ്ങിവരവിലെ തുടർച്ചയായ രണ്ടാം ജയം നേടിയത്. യൂണിയൻ കഴിഞ്ഞ വാരം ബയേൺ മ്യൂണിക്കിനോടും തോറ്റിരുന്നു.

ഹെർത്തയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അടുത്തടുത്ത് രണ്ട് ഗോളുകൾ നേടിയ ഹെർത്ത 77 മിനിട്ടായപ്പോൾ പട്ടിക പൂർത്തിയാക്കിയിരുന്നു.51-ാം മിനിട്ടിൽ വെദാദ് ഇബിസേവിച്ച്,52-ാം മിനിട്ടിൽ ലൂക്ക് ബാക്കിയോ,61-ാം മിനിട്ടിൽ മാത്യൂസ് കുഞ്ഞ,77-ാം മിനിട്ടിൽ ഡെഡ്രിക്ക് ബൊയാട്ട എന്നിവരാണ് ഹെർത്തയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.

തകർപ്പനൊരു ഹെഡറിലൂടെയാണ് ഇബിസെവിച്ച് ആദ്യ ഗോൾ നേടിയത്.ഇതിന്റെ ഞെട്ടലിൽ നിന്ന് ഉണരുംമുമ്പേ ലൂക്ക് അടുത്ത ഗോൾ യൂണിയന്റെ വലയിലെത്തിച്ചിരുന്നു. ഇബിസെവിച്ചിന്റെ പാസിൽ നിന്നാണ് മാത്യൂസ് മൂന്നാം ഗോൾ നേടിയത്. കോർണർ കിക്കിന് തലവച്ച് ബൊയാട്ട പട്ടിക പൂർത്തിയാക്കി.

9

ഇൗ സീസണിൽ ഹെർത്ത ബെർലിൻ നേടുന്ന ഒൻപതാമത്തെ വിജയമാണിത്.

10

ഇതോടെ ഹെർത്ത പോയിന്റ് പട്ടികയിൽ ഒരു പടവ് ഉയർന്ന് പത്താമതെത്തി.

34

പോയിന്റുകളാണ് ഹെർത്ത്ക്ക് ഉള്ളത്.

30

പോയിന്റുള്ള യൂണിയൻ ബെർലിൻ 12-ാം സ്ഥാനത്ത് തുടരുകയാണ്.

ഇത്തവണ മുത്തമില്ല

കഴിഞ്ഞയാഴ്ച നടന്ന മത്സരത്തിൽ ടീമിന്റെ ഗോൾനേട്ടം ആഘോഷിക്കാൻ കൊവിഡ് നിയന്ത്രണം ലംഘിച്ച് സഹതാരത്തെ കെട്ടിപ്പിടിച്ച് ഉമ്മവച്ച ഹെർത്ത ബെർലിൻ താരം ഡെഡ്രിക്ക് ബൊയാട്ട ഇത്തവണ സ്വന്തമായി ഗോൾ നേടിയിട്ടും ആ സാഹസത്തിന് മുതിർന്നില്ല.ഹോഫെൻഹെയ്മിനെതിരായ മത്സരത്തിൽ മാർക്കോ ഗ്രൂയിച്ചിനെയാണ് ബൊയാട്ട ഉമ്മവച്ചിരുന്നത്. ഇത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ഗോളാഘോഷം പരിധി വിടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചാണ് താരങ്ങൾ കളത്തിലിറങ്ങിയത്.

ഇന്നത്തെ മത്സരങ്ങൾ

ഷാൽക്കെ Vs ഒാസ്ബർഗ്

മെയിൻസ് Vs ലെയ്പ്സിഗ്

കോൺ Vs ഫോർച്ചുന

(വൈകിട്ട് അഞ്ചുമുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ് )