വാഷിംഗ്ടൺ: റഷ്യയെ മറികടന്ന് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ബ്രസീൽ ലോകത്ത് രണ്ടാമതെത്തി. പ്രതിദിന മരണം 1000 കവിഞ്ഞു. സാവോപോളോയിലാണ് രോഗവ്യാപനവും മരണവും ഏറ്റവുമധികം. ആകെ മരണം 21,116. രോഗികൾ 3,30,890. രോഗികളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാമതായ റഷ്യയിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പ്രതിദിന മരണം കുറവാണ്. എന്നാൽ, രോഗവ്യാപനം ശക്തമാണ്. ഇന്നലെ രാജ്യത്ത് 139 പേർ മരിച്ചു. 9000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ മരണം 3,388. രോഗികൾ 3,35,882.
ന്യൂയോർക്കിലും ഫ്രാൻസിലും ഇളവുകൾ
കൊവിഡ് അമേരിക്കയിൽ സംഹാരതാണ്ഡവം തുടരുന്നതിനിടെ ന്യൂയോർക്കിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി ഗവർണർ ആൻഡ്രൂ കൂമോ. ഇതനുസരിച്ച്, സാമൂഹിക അകലം പാലിച്ചുകൊണ്ട് 10 പേർക്ക് ഒത്തുകൂടാം. കുറഞ്ഞത് ആറ് അടി അകലം പാലിക്കണം. പൊതുയിടങ്ങളിൽ മാസ്കോ മറ്റേതെങ്കിലും മുഖാവരണമോ ഉപയോഗിച്ചിരിക്കണം.അമേരിക്കയിൽ കൊവിഡ് ഏറ്റവുമധികം ബാധിച്ചത് ന്യൂയോർക്കിലായിരുന്നു. അതേസമയം, അമേരിക്കയിൽ രോഗികൾ 16 ലക്ഷം കടന്നു. മരണം 97,655.
ഫ്രാൻസിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾക്ക് പ്രാർത്ഥനയ്ക്കായി ഒത്തുകൂടാം. എന്നാൽ, പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനകൾ നടത്താൻ വിശ്വാസികൾ ഒരു മീറ്റർ അകലം പാലിക്കണം. ശുചിത്വവും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രാർത്ഥനകൾക്കായി ഇളവുകൾ നൽകുന്നുണ്ടെങ്കിലും ആളുകൾ ഒത്തുകൂടുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലവിലുണ്ട്.
ലോകത്ത് മരണം - 3.40 ലക്ഷം
രോഗികൾ 53 ലക്ഷം
ഭേദമായവർ 21 ലക്ഷം
ഇറാനിൽ മത - സാംസ്‌കാരിക മേഖലകൾ ഉടൻ പ്രവർത്തനമാരംഭിക്കും. ബിസിനസ് മേഖലകൾക്കും ഇളവ്.
പെറുവിൽ ലോക്ക്ഡൗൺ നീട്ടി.