ക്യാമ്പിലേക്ക് മടങ്ങാൻ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണം
ന്യൂഡൽഹി : ലോക്ക്ഡൗണിൽ ബംഗളുരു സായ് സെന്ററിലെ പരിശീലന ക്യാമ്പിൽ കുടുങ്ങിയ ഇന്ത്യൻ പുരുഷ - വനിതാ ഹോക്കി ടീമംഗങ്ങൾക്ക് അവരവരുടെ വീടുകളിലേക്ക് പോകാൻ ഹോക്കി ഇന്ത്യ അനുമതി നൽകി. ഉറ്റവരെ കാണണമെന്നുള്ള കളിക്കാരുടെ ആവശ്യം പരിഗണിച്ചാണിത്. എന്നാൽ തിരികെ ക്യാമ്പിലേക്ക് വരും മുമ്പ് രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. മലയാളി താരം ശ്രീജേഷ് ഉൾപ്പടെയുള്ളവരാണ് ക്യാമ്പിൽ കഴിയുന്നത്. അതിനിടെ സായ് സെന്ററിലെ താത്കാലിക പാചകക്കാരൻ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് കഴിഞ്ഞയാഴ്ച തെളിഞ്ഞത് ആശങ്ക പരത്തിയിരുന്നു.എന്നാൽ കളിക്കാർ സുരക്ഷിതരാണെന്ന് സായ് അധികൃതർ അറിയിച്ചിരുന്നു. ഹോക്കി ഇന്ത്യയുടെ ജൂനിയർ ക്യാമ്പുകളിൽ കഴിയുന്ന താരങ്ങൾക്കും വീട്ടിൽ പോകാൻ അനുമതി നൽകിയിട്ടുണ്ട്.