എന്തും തുറന്നു പറയുന്ന എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായമുള്ള അഭിനേത്രിയായ നിമിഷ സജയന്റെ കാഴ്ചപ്പാടുകൾ...
മുംബയിലെ ജീവിതമാണോ നിമിഷയെ ബോൾഡാക്കിയത്?
കേരളത്തിലെ സ്ത്രീകളുടെ ധൈര്യത്തെക്കുറിച്ചും മിടുക്കിനെക്കുറിച്ചും അച്ഛൻ പറയുന്നത് കേട്ടാണ് വളർന്നത്.അതായിരിക്കാം എന്നിലെ സ്വഭാവത്തെ രൂപപ്പെടുത്തിയത്.ഏത് മേഖലയെടുത്താലും മുൻപന്തിയിൽ ഒരു മലയാളി പെൺകുട്ടിയുണ്ടാകും.കുട്ടിക്കാലം മുതലേ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത് മലയാളി പെൺകുട്ടികളുടെ ശീലങ്ങളാണ്.
നിമിഷയെ അദ്ഭുതപ്പെടുത്തിയ കോ - സ്റ്റാർ?
നെടുമുടി വേണുവും ഫാഹദ് ഫാസിലും ജോജു ജോർജും എന്നെ അദ്ഭുതപ്പെടുത്തിയ നടന്മാരാണ്. ശരിക്കും അവരുടെ അഭിനയം കാണുമ്പോൾ മറ്റെല്ലാം മറന്നു നോക്കിയിരുന്നു പോകും.
മലയാളി എന്ന നിലയ്ക്ക് നിമിഷയ്ക്ക് അഭിമാനം തോന്നിയ നിമിഷം?
മലയാള സിനിമകളായ ചോലയും ജെല്ലിക്കെട്ടും മൂത്തോനും അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിൽ അംഗീകരിക്കപ്പെട്ടപ്പോൾ.പിന്നെ പ്രളയകാലത്ത് മലയാളി കാണിച്ച ഒത്തൊരുമ.അത് എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. മലയാളികളോട് ഒരുപാട് ഇഷ്ടം തോന്നിയ നിമിഷമായിരുന്നു അതൊക്കെ.
നിമിഷയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോണർ ഏതാണ് ?
സ്ത്രീകൾക്ക് പ്രധാന്യം നൽക്കുന്ന സൈക്കോളജിക്കൽ ത്രില്ലറിനോടാണ് കൂടുതൽ ഇഷ്ടം. ഗോൺ ഗേൾ, ബ്ലാക്ക് സ്വാൻ തുടങ്ങിയ ചിത്രങ്ങൾ ഒരുപാട് ഇഷ്ടമാണ്. ഈ രണ്ടു ചിത്രങ്ങളിലും സ്ത്രീ കഥാപാത്രങ്ങൾക്കാണ് പ്രാധാന്യം. ഒരു സൈക്കോ കില്ലറായി അഭിനയിക്കുകയെന്നതാണ് ഏറ്റവും വലിയ ആഗ്രഹം
മേക്കപ്പിനോട് പൊതുവെ താത്പര്യമില്ലേ?
ഞാൻ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും അടുത്ത വീട്ടിലെ പെൺകുട്ടി എന്ന ഇമേജുള്ളവയാണ്. നിത്യ ജീവിതത്തിൽ നമ്മുടെ ചുറ്റുമുള്ള എത്രപേരാണ് മേക്കപ്പ് ഉപയോഗിക്കുന്നത്. കൂടിപ്പോയാൽ ലിപ്സ്റ്റിക് ഇടുന്നവരെയല്ലേ നമുക്ക് കാണാൻ കഴിയൂ . സിനിമയിൽ മേക്കപ്പ് വേണമെന്നത് നമ്മൾ കണ്ടു വന്ന ഒരു രീതിയാണ്. ആ രീതി തന്നെ പിന്തുടരണമെന്നില്ലല്ലോ.
മലയാള സിനിമയിൽ ഇഷ്ടമില്ലാത്തത് ?
സിനിമയ്ക്കുള്ളിലെ അടുക്കള രാഷ്ട്രീയത്തോട് തീരെ യോജിപ്പില്ല . സിനിമ ഒരു കലാരൂപമാണ്. അത് എപ്പോഴും സംശുദ്ധമായിരിക്കണം. അതിൽ ഒരിക്കലും വ്യക്തി താത്പര്യങ്ങളോ ഗ്രൂപ്പിസമോ കടന്നു വരാൻ പാടില്ല.
സിനിമയിൽ ആരെങ്കിലും റോൾ മോഡലുണ്ടോ ?
റോൾ മോഡലായി അങ്ങനെ ആരും തന്നെയില്ല. എന്നാൽ ഞാൻ ബഹുമാനിക്കുന്ന ഒരുപാട് നടീ നടന്മാരുണ്ട്. പല വിഷയത്തിലും അവർ എടുക്കുന്ന നിലപാട് കാണുമ്പോൾ എനിക്ക് ഒരുപാട് ബഹുമാനം തോന്നാറുണ്ട്. ഞാൻ ആരാധിക്കുന്ന താരങ്ങളിലൊരാൾ സ്മിതാ പാട്ടീൽ ആണ്. സ്ത്രീകൾക്ക് വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്തിട്ടുള്ള ഒരു ഫെമിനിസ്റ്റ് ആയിരുന്നു അവർ. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായിരുന്നു. വളരെ കുറച്ചു കാലം മാത്രമേ അവർ നമ്മോടൊപ്പം ഉണ്ടായിരുന്നുള്ളൂ.
ഒരു താരമായതിന് ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ ?
അങ്ങനെ പ്രത്യേകിച്ചു ഒരു മാറ്റവും വന്നതായി തോന്നുന്നില്ല. പണ്ട് അച്ഛനും അമ്മയുമാണ് എന്റെ കാര്യങ്ങൾ നോക്കിയിരുന്നത്.ഇപ്പോൾ ഞാൻ തന്നെ ചെയ്യുന്നു . അത് മാത്രമാണ് മാറ്റം .
പെൺകുട്ടികളോട് എന്താണ് പറയാനുള്ളത് ?
എങ്ങനെയാണോ നിങ്ങൾ ജീവിക്കാൻ ഇഷ്ടപ്പെടുന്നത് ആ രീതിയിൽ തന്നെ മുന്നോട്ട് പോകുക. ആക്ഷേപിക്കുന്ന ആളുകളോട് പോയി പണി നോക്കാൻ പറയണം. എന്റെ അച്ഛൻ എൻജിനിയറും അമ്മ മെഡിക്കൽ പ്രൊഫഷനിലുമാണ് ജോലിചെയ്തിരുന്നത് . പക്ഷേ അവർ ഒരിക്കലും എന്നെ ഇന്ന ജോലി ചെയ്യണമെന്ന് നിർബന്ധിച്ചിട്ടില്ല. പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യേണ്ടത് അവരുടെ മാതാപിതാക്കളാണ്. അക്കാര്യത്തിൽ ഞാൻ സന്തോഷവതിയാണ്. ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
അഭിനയിക്കാൻ ഇഷ്ടമുള്ള ഇമോഷൻ ഏതാണ്?
കണ്ണുകൾ കൊണ്ടുള്ള ഭാവങ്ങൾ. ഈടയിൽ ഞാൻ അതാണ് കൂടുതൽ ചെയ്തിട്ടുള്ളത്. നോട്ടം കൊണ്ടുള്ള റൊമാൻസ്. റൊമാൻസിൽ മുൻപരിചയമൊന്നുമില്ല. എന്നാലും എനിക്ക് കൂടുതൽ വഴങ്ങുന്നത് അതാണെന്ന് തോന്നിയിട്ടുണ്ട്.
നന്നായി പഠിക്കുന്ന കുട്ടിയാണോ ?
മോശമല്ലാത്ത വിദ്യാർത്ഥിയാണ് . മാസ് കമ്മ്യൂണിക്കേഷനിൽ ഡിഗ്രി പൂർത്തിയാക്കാൻ സാധിച്ചില്ല. തത്കാലം എല്ലാം നിറുത്തി വച്ചിരിക്കുകയാണ്.സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പഠിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം.
ഷൂട്ടില്ലാത്ത സമയങ്ങളിൽ എന്ത് ചെയ്യും ?
സിനിമ കാണുകയാണ് പ്രധാന പരിപാടി.അത് മടുക്കുമ്പോൾ എങ്ങോട്ടെങ്കിലും യാത്രപോകും. എന്റെ പ്രധാന ഹോബി ചിത്രം വരയ്ക്കലാണ് . മനസിൽ വരുന്ന ചില ഭ്രാന്തുകളാണ് കാൻവാസിൽ പകർത്തുന്നത്.