ഇസ്‍ലാമബാദ്∙ കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലുണ്ടായ വിമാന അപകടത്തിൽ മരിച്ചതായ സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണത്തിന് മറുപടിയായി ട്വിറ്ററിൽ നേരിട്ടെത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം യാസിർ ഷാ . താരത്തിന് ആദരാഞ്ജലികളർപ്പിച്ച് നൂറു കണക്കിന് പേർ പോസ്റ്റുകളിട്ടതോടെ താൻ മരിച്ചിട്ടില്ലെന്നും വീട്ടിൽ സുരക്ഷിതനായി ഇരിക്കുകയാണെന്നും യാസിറിന് വ്യക്തമാക്കേണ്ടി വന്നു. കറാച്ചിക്ക് സമീപം പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ യാത്രാ വിമാനം വെള്ളിയാഴ്ചയാണു തകർന്നുവീണത്.
ജീവനക്കാരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 107 യാത്രക്കാരും മരിച്ചു. ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപാണു വിമാനം അപകടത്തിൽപെട്ടത്. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലായതാണു അപകടകാരണം. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം യാസിർ ഷാ വിമാനത്തിലുണ്ടായതായും അദ്ദേഹം മരണപ്പെട്ടതായും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
ഫെബ്രുവരിയിൽ ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് യാസിർ ഷാ ഒടുവിൽ പാക്ക് ജഴ്സി അണിഞ്ഞത്. പാക്കിസ്ഥാൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ പാക്കിസ്ഥാൻ സൂപ്പർ ലീഗിലും കളിച്ചിട്ടുണ്ട്. പെഷവാർ സൽമിക്കായി നാല് മൽസരങ്ങൾ കളിച്ച താരം മൂന്നു വിക്കറ്റ് നേടിയിട്ടുണ്ട്. ഓഗസ്റ്റിൽ നടക്കുമെന്നു കരുതുന്ന ഇംഗ്ലണ്ട് പര്യടനത്തിലും പാക്കിസ്ഥാൻ ടീമിനുവേണ്ടി ഷാ കളിച്ചേക്കും.