ivanka-trump
IVANKA TRUMP

വാഷിംഗ്ടൺ: മുറിവേറ്റ പിതാവിനെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ ലോക്ക് ഡൗണിൽ 1200 കിലോ മീറ്റർ സൈക്കിൾ ചവിട്ടിയ ഇന്ത്യൻ പെൺകുട്ടിയെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും ട്രംപിന്റെ മുതി‌ർന്ന ഉപദേഷ്ടാവുമായ ഇവാൻക ട്രംപ്.ബിഹാർ സ്വദേശിനിയും പതിനഞ്ച് വയസുകാരിയുമായ ജ്യോതി കുമാരിയാണ് ഈ സാഹസത്തിന് മുതിർന്നത്. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ബിഹാറിലെ ദർബാംഗ വരെയാണ് ജ്യോതി പിതാവിനോടൊപ്പം സഞ്ചരിച്ചത്. പ്രയാണം ഒരാഴ്ച നീണ്ടു. 'സഹിഷ്‌ണുതയുടെയും സ്നേഹത്തിന്റെയും മനോഹരമായ നിമിഷമാണിത്. ഈ നേട്ടം ഇന്ത്യയിലെ ജനങ്ങളെയും സൈക്ലിംഗ് ഫെഡറേഷന്റേയും മതിപ്പിന് കാരണമായി' - ഇവാൻക ട്വീറ്റ് ചെയ്തു.

 വിമർശനം പിന്നാലെ

ഇതിനിടെ, ലോക്ക് ഡൗൺ മൂലം അന്യനാട്ടിൽപ്പെട്ടുപോയ കുടിയേറ്റ തൊഴിലാളിയുടെ മകളായ ജ്യോതിയുടെ നിസ്സഹായാവസ്ഥയാണ് അവളെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്ന കാര്യം ഇവാൻക പൂർണമായും വിസ്മരിച്ചെന്നാരോപിച്ച് കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം സ്വന്തം നാട്ടിലെത്താനായുള്ള നെട്ടോട്ടത്തിലാണ് കുടിയേറ്റത്തൊഴിലാളികൾ.