ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചിയിൽ വ്യാഴാഴ്ചയുണ്ടായ വിമാനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുപേർ! ഒപ്പമുണ്ടായിരുന്ന 97 പേർ മരണപ്പെട്ടതിന്റെ ഞെട്ടലിലും തങ്ങളെ ജീവനോടെ ബാക്കിവച്ച ദൈവത്തിന് നന്ദി പറയുകയാണ് ബാങ്ക് ഒഫ് പഞ്ചാബ് സി.ഇ.ഒ സഫർ മുഹമ്മദും എൻജിനീയറായ മുഹമ്മദ് സുബൈറും. "ചുറ്റും തീയും പുകയും മാത്രമാണു കാണാൻ കഴിഞ്ഞത്. എല്ലായിടത്തുനിന്നും കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും കരച്ചിൽ കേൾക്കാമായിരുന്നു; വലിയ തീയായിരുന്നു മുന്നിൽ. ആരെയും കാണാൻ കഴിഞ്ഞില്ല. സീറ്റ് ബെൽറ്റ് അഴിച്ച് വെളിച്ചം കണ്ടിടത്തേക്കു നടന്നു. ഏതാണ് 10 അടി താഴ്ചയിലേക്കു ചാടിയിട്ടാണു സുരക്ഷിതമായ ഒരിടത്ത് എത്തിയത്."- മുഹമ്മദ് സുബൈർ ഓർമ്മിക്കുന്നു. "ദൈവം കരണയുള്ളവനാണ്, ഏറെ നന്ദി" - സഫറിന്റെ വാക്കുകളിൽ വിറയൽ.
തകർന്നുവീഴുന്നതിന് മുമ്പായി രണ്ടുതവണ വിമാനം ലാൻഡ് ചെയ്യിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇക്കാര്യം പൈലറ്റ് യാത്രക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. സുബൈർ പറഞ്ഞു. ലാഹോറിൽനിന്നുള്ള വിമാനം, കറാച്ചിയിലെ റൺവേയിൽ എത്തുന്നതിനു തൊട്ടുമുമ്പ് തീപിടിച്ചു ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡൽ വില്ലേജിൽ തകർന്നു വീഴുകയായിരുന്നു. എട്ട് ജീവനക്കാരും 91 യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 31 പേർ സ്ത്രീകളും 9 പേർ കുട്ടികളുമായിരുന്നു. പാകിസ്ഥാന്റെ അന്താരാഷ്ട്ര വിമാന സർവീസായ, പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ 16 വർഷം പഴക്കമുള്ള വിമാനമായിരുന്നു ഇത്.
അവസാനം വന്ന 'മേയ്ഡേ'
രണ്ട് എൻജിനുകളും പ്രവർത്തനരഹിതമായതായി പൈലറ്റ് കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു. രണ്ടു റൺവേകളും ഒഴിച്ചിട്ടിരിക്കുകയാണെന്ന് കൺട്രോൾ റൂമിൽനിന്ന് മറുപടിയും നൽകി. എന്നാൽ പിന്നീട് ‘മേയ്‌ഡേ, മേയ്‌ഡേ, മേയ്‌ഡേ’ എന്ന സന്ദേശമാണു തിരികെ ലഭിച്ചത്. തൊട്ടുപിന്നാലെ വിമാനം തകർന്നുവീഴുകയും ചെയ്തു. രാജ്യാന്തരതലത്തിൽ അടിയന്തരഘട്ടങ്ങളിൽ സഹായത്തിനായി നൽകുന്ന ശബ്ദസന്ദേശമാണ് ‘മേയ്‌ഡേ’. 1921 ൽ ലണ്ടനിലെ ക്രോയ്ഡൻ വിമാനത്താവളത്തിലെ സീനിയർ റേഡിയോ ഓഫിസർ ഫെഡറിക് സ്റ്റാൻലി മോക്ക്‌ഫോഡ് ആണ് ഈ സന്ദേശം ആവിഷ്‌കരിച്ചത്. ഫ്രഞ്ച് ഭാഷയിൽ ‘എന്നെ സഹായിക്കൂ’ എന്നാണ് ഇതിന്റെ അർത്ഥം. 1927 ൽ വാഷിംഗ്ടനിൽ ചേർന്ന രാജ്യാന്തര റേഡിയോ ടെലഗ്രാഫ് കൺവൻഷൻ ഈ സന്ദേശവാചകം ഔദ്യോഗികമായി അംഗീകരിച്ചു.
♦ 2010- ഇസ്‌ലാമാബാദിലുണ്ടായ വിമാനാപകടത്തിൽ 152 പേർ മരിച്ചു
♦ 2016 ഡിസംബർ ഏഴ് -ഇസ്‌ലാമാബാദിലേക്കുള്ള വിമാനം തകർന്ന് 48 പേർ മരിച്ചു