വാഷിംഗ്ടൺ: എച്ച്1 ബി വിസയിൽ സമൂല പരിവർത്തനങ്ങൾക്ക് നിർദേശങ്ങൾ നൽകുന്ന ബിൽ യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചു. യു.എസിൽ നിന്ന് വിദ്യാഭ്യാസം നേടിയ വിദേശികളായ ടെക്നോളജി പ്രഫഷനുകൾക്ക് കൂടുതൽ മുൻഗണന നൽകുന്നതാണ് നിർദേശിക്കപ്പെട്ട മാറ്റങ്ങളിലൊന്ന്. എച്ച്-1 ബി, എൽ 1 വിസ പരിഷ്കരണ നിയമം കോൺഗ്രസിന്റെ ഇരുസഭകളായ ജനപ്രതിനിധി സഭയിലും സെനറ്റിലുമാണ് അവതരിപ്പിച്ചത്. പുതിയ നിയമം പ്രാബല്യത്തിൽവന്നാൽ, അമേരിക്കയിൽ നിന്ന് വിദ്യാഭ്യാസം നേടിയ വിദേശികൾക്ക് മുൻഗണന ലഭിക്കുകയും ഇന്ത്യയിൽനിന്നുള്ള സാങ്കേതിവിദഗ്ദർക്ക് തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തൽ. അമേരിക്കൻ ജോലിക്കാർക്ക് പകരമായി എച്ച്1 ബി, എൽ1 വിസയുള്ളവരെ നിയമിക്കുന്നത് നിയമം കർശനമായി നിരോധിക്കുന്നുണ്ട്. 50 ജീവനക്കാരുള്ള കമ്പനിയിൽ പകുതിയോളം പേർ എച്ച്1ബി, എൽ1 വിസയുള്ളവരാണെങ്കിലും കൂടുതൽ പേരെ എച്ച്1 ബി വിസയിൽ നിയമിക്കാൻ അനുവദിക്കില്ല. വിദഗ്ദ്ധ മേഖലയിൽ ജോലിചെയ്യുന്ന വിദേശികൾക്ക് അനുവദിക്കുന്ന ഹ്രസ്വകാല വിസയാണ് എച്ച്1ബി. യു.എസ് കമ്പനികൾ വിദേശ സാങ്കേതിക വിദഗ്ദ്ധരെ നിയമിക്കുന്നത് ഈ വിസയിലാണ്. കഴിഞ്ഞ മൂന്നു വർഷമായി എച്ച്1 ബി വിസകളുടെ എണ്ണം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് യു.എസ് സർക്കാർ. ഇതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നതും. സെനറ്റിൽ സെനറ്റർമാരായ ചുങ്ക് ഗ്രേസ്ലിയും ഡിക് ഡർബിനുമാണ് ബില്ല് അവതരിപ്പിച്ചത്. ജനപ്രതിനിധിസഭയിൽ അവതരിപ്പിച്ചത് ബിൽ പാസ്ക്രെലും പോൾ ഗോസറും ഫ്രാങ്ക് പല്ലോണും ലോൻസ് ഗൂഡനും ഒന്നിച്ചും.