ബൊഗോട്ട: കൊവിഡ് മരണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ മൃതദേഹങ്ങൾ എങ്ങനെ സംസ്കരിക്കുമെന്നതാണ് പല ലോകരാജ്യങ്ങളും നേരിടുന്ന വെല്ലുവിളി. ഇതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് കൊളംബിയ സ്വദേശിയായ വ്യവസായി റുഡോൾഫോ ഗോമസ്. ആശുപത്രി കിടക്കകളെ നേരിട്ട് ശവപ്പെട്ടികളാക്കാനുള്ള സംവിധാനമാണ് ഗോമസ് തയ്യാറാക്കിയിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇക്വഡോറിലെ ഏറ്റവും വലിയ നഗരമായ ഗ്വായക്വില്ലിലെ തെരുവുകൾ. ഇവിടെ നിന്നുള്ള ചിത്രങ്ങൾ കണ്ടാണ് കിടക്കകളെ ശവപ്പെട്ടിയാക്കാനുള്ള സംവിധാനത്തെ കുറിച്ച് ഗോമസ് ആലോചിച്ചത്. തന്റെ എ.ബി.സി ഡിസ്‌പ്ലേസ് എന്ന കമ്പനിയിലൂടെ 'കാർഡ്ബോഡ് ബെഡ് കഫിൻസ്' എന്ന പേരിൽ സംവിധാനത്തിന്റെ നിർമ്മാണം ഗോമസ് ആരംഭിച്ചിട്ടുണ്ട്. മണ്ണിൽ അലിഞ്ഞുചേരുന്ന ഈ കിടക്കകൾക്ക് 150 കിലോഗ്രാം ഭാരം താങ്ങാം. 6,989 രൂപ മുതൽ 10,028 രൂപ വരെയാണ് വില. ''ഇക്വഡോറിൽ എന്താണ് സംഭവിക്കുന്നതെന്ന് നമ്മൾ കാണുന്നുണ്ട്. മരിച്ചുപോയ കുടുംബാംഗങ്ങളുമായി തെരുവിൽ നിൽക്കുകയാണ് അവർ. അതുകൊണ്ടാണ് ശവപ്പെട്ടിയാക്കി മാറ്റാവുന്ന ബെഡുകൾ ഉണ്ടാക്കാൻ തീരുമാനിച്ചത്. കുറഞ്ഞ വിലയിൽ സാധാരണക്കാർക്കും ഉപയോഗപ്പെടുത്താനാകുമിത്. മാസം 3000 കിടക്കകൾ ഉണ്ടാക്കാനാകും. കൊവിഡ് ബാധിതർ നിറഞ്ഞ ലെറ്റികയിലെ ആശുപത്രിയിലേക്കാണ് ആദ്യത്തെ കിടക്ക സംഭാവന ചെയ്യുന്നത്. പെറു, ചിലി, ബ്രസീൽ, മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിലുള്ളവരുമായും ഈ സംവിധാനത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്'' - ഗോമസ് പറഞ്ഞു.