ജിദ്ദ: സൗദിയിലുടനീളം ബുധനാഴ്ച വരെ അഞ്ചുദിവസത്തേക്ക് പ്രഖ്യാപിച്ച സമ്പൂർണ കർഫ്യൂ തുടരുന്നതിനാൽ വിവിധ മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ആരോഗ്യ സുരക്ഷ മുൻകരുതലിന്റെ ഭാഗമായി പെരുന്നാളിനോടനുബന്ധിച്ചുള്ള സംഗമങ്ങളൊഴിവാക്കാൻ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതലാണ് രാജ്യത്തുടനീളം സമ്പൂർണ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
കർഫ്യൂ നിരീക്ഷിക്കാൻ രാജ്യത്തുടനീളം സുരക്ഷ ഉദ്യോഗസ്ഥർ നിരത്തുകളിലുൾപ്പെടെ നിലയുറപ്പിച്ചിട്ടുണ്ട്. നിയമലംഘകരെ പിടികൂടാൻ പട്ടണങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലുമടക്കം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കർഫ്യു തീരുമാനം നടപ്പാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ രാജ്യത്തെ മുഴുവൻ പട്ടണങ്ങളിലും മേഖലകളിലും ഗ്രാമങ്ങളിലുമടക്കം കർശന നിരീക്ഷണം നടത്തുമെന്നും നിയമലംഘകർക്ക് നിയമാനുസൃത ശിക്ഷാനടപടികളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
എണ്ണഖനനം നിറുത്തിവയ്ക്കും
കുവൈറ്റ് സിറ്റി: അതിർത്തി പ്രദേശത്തെ ന്യൂട്രൽ സോണിൽ കുവൈറ്റും സൗദിയും സംയുക്ത എണ്ണഖനനം നിറുത്തിവയ്ക്കും. ജൂൺ മുതൽ താത്ക്കാലികമായി ഉത്പാദനം നിറുത്താൻ തീരുമാനിച്ചതായി കുവൈറ്റ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കൊവിഡ് പ്രതിസന്ധിയിൽ എണ്ണവില കൂപ്പുകുത്തിയതിനെ തുടർന്ന് ഉത്പാദനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത ഖനനം നിറുത്തിവെക്കുന്നത്. നാലരവർഷത്തിന് ശേഷമാണ് കഴിഞ്ഞ ഫെബ്രുവരിയിൽ സൗദിയിലെ ഖഫ്ജി, കുവൈത്തിലെ വഫ്റ എണ്ണപ്പാടങ്ങൾ ഉൾപ്പെടുന്ന അതിർത്തി പ്രദേശത്തെ ‘ന്യൂട്രൽ സോൺ’ എന്നറിയപ്പെടുന്ന ഭാഗത്ത് സംയുക്ത എണ്ണ ഖനനം പുനരാരംഭിച്ചത്. ഏപ്രിലിൽ ഇവിടെനിന്ന് പെട്രോളിയം കയറ്റുമതിയും ആരംഭിച്ചു. അതിനിടയിലാണ് കൊവിഡ് പ്രതിസന്ധി രൂപപ്പെടുന്നതും എണ്ണവില കൂപ്പുകുത്തുന്നതും.