ന്യൂഡൽഹി:- രാജ്യത്ത് അതിവേഗം കൊവിഡ് രോഗബാധ പടരുന്ന രാജ്യതലസ്ഥാനത്ത് നിലവിലുള്ള 92 കണ്ടെയ്ൻമെന്റ് സോണുകളിൽ പകുതിയോളം എണ്ണത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഒരു രോഗം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ ഇവയെ ഓറഞ്ച് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടാഴ്ച കൂടി രോഗികളില്ലെങ്കിൽ ഗ്രീൻ സോണായി മാറുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.
മാർച്ച് മാസത്തിൽ രോഗം പടർന്ന് പിടിക്കുന്ന ഇടങ്ങളെ തിരിച്ചറിഞ്ഞ് 126 കണ്ടെയ്ൻമെന്റ് സോണുകളായി സർക്കാർ തിരിച്ചു. ഇവയിൽ രോഗബാധ ഒഴിഞ്ഞ 34 എണ്ണം ഒഴിവാക്കപ്പെട്ടതോടെയാണ് 92 എണ്ണമായത്. ഈ കണ്ടെയ്ൻമെന്റ് സോണുകളിൽ അത്യാവശ്യ കാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ അനുവാദമില്ല. ബാരിക്കേഡുകൾ കൊണ്ട് ഇവിടങ്ങളിൽ അനുമതി തടഞ്ഞിരിക്കുകയാണ്. ഇവിടങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീടുകൾ തോറും സർവേ നടത്തുകയും സമ്പർക്ക പട്ടിക തയ്യാറാക്കുകയും കേസുകളിൽ ഉള്ളവർക്ക് ടെസ്റ്രുകൾ നടത്തുകയും ചെയ്യും. ഒരാഴ്ച മുൻപ് 80 കണ്ടെയ്ൻമെന്റ് സോണുകൾ എന്നതിൽ നിന്ന് 92 ആയി ഉയർന്നപ്പോൾ കർശന നിയന്ത്രണങ്ങൾ വരുത്തി. തുടർന്ന് ഈയാഴ്ച എണ്ണം വർദ്ധിച്ചില്ല.ദക്ഷിണ ഡൽഹിയിലെ 45 കണ്ടെയ്ൻമെന്റ് സോണുകളിൽ 13 എണ്ണത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.മറ്രിടങ്ങളിൽ നാല്പത് ദിവസത്തോളമായി കഠിനമായ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുകയാണ്.