കൊച്ചി: റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചതോടെ, ഭവന വായ്പാ പലിശനിരക്കുകൾ കഴിഞ്ഞ 15 വർഷത്തെ കുറഞ്ഞ നിരക്കിലെത്താൻ വഴിയൊരുങ്ങി. റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്ര് (ആർ.എൽ.എൽ.ആർ) അധിഷ്‌ഠതമായ വായ്‌പകളുടെ പലിശ, റിപ്പോ ഇളവിന് ആനുപാതികമായി, ഓട്ടോമാറ്രിക്കായി തന്നെ കുറയും. 4.40 ശതമാനത്തിൽ നിന്ന് 4.00 ശതമാനമായാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത്.
ഒരു ഉദാഹരണം നോക്കാം : എസ്.ബി.ഐയിൽ ആർ.എൽ.എൽ.ആർ അധിഷ്‌ഠിതമായ 30 ലക്ഷം രൂപയുടെ ഭവന വായ്‌പയുടെ പലിശനിരക്ക് 7.4 ശതമാനമാണ്. റിപ്പോ കുറഞ്ഞതിന് ആനുപാതികമായി ഇത്, ഓട്ടോമാറ്രിക്കായി ഏഴ് ശതമാനമാകും. 30 ലക്ഷത്തിനും 75 ലക്ഷം രൂപയ്ക്കും ഇടയിലുള്ള വായ്‌പയുടെ പലിശ 7.65 ശതമാനത്തിൽ നിന്ന് 7.25 ശതമാനമായും 75 ലക്ഷം രൂപയ്ക്കുമേലുള്ള വായ്‌പയുടെ പലിശ 7.75 ശതമാനത്തിൽ നിന്ന് 7.35 ശതമാനമായും കുറയും. വനിതാ ഇടപാടുകാർക്ക് പലിശനിരക്കിൽ 0.05 ശതമാനത്തിന്റെ അധിക ഇളവും ലഭിക്കും.
കഴിഞ്ഞ ഒക്‌ടോബറിൽ 5.15 ശതമാനമായിരുന്ന റിപ്പോയാണ് 1.15 ശതമാനം താഴ്‌ന്ന്, 2000ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്. ഒക്‌ടോബർ മുതൽ ഇതുവരെ ആർ.എൽ.എൽ.ആർ അധിഷ്‌ഠിത വായ്‌പകളുടെ പലിശയും കുത്തനെ കുറഞ്ഞു. 30 ലക്ഷം രൂപയുടെ ഭവന വായ്‌പയ്ക്ക് ഒക്‌ടോബറിൽ പ്രതിമാസ അടവ് (ഇ.എം.ഐ) 22,855 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 19,959 രൂപയാണ്. ഇടപാടുകാരന് നേട്ടം 2,896 രൂപ.
അതേസമയം, ആർ.എൽ.എൽ.ആർ അടിസ്ഥാനമായ വായ്‌പകളുടെ പലിശ മാത്രമാണ് റിപ്പോയ്ക്ക് ആനുപാതികമായി കുറയുക. ഉപഭോക്താവിന്റെ വായ്‌പ എം.സി.എൽ.ആർ., ബി.പി.എൽ.ആർ എന്നിവ അടിസ്ഥാനമായതാണെങ്കിൽ ബാങ്കുകൾ കനിഞ്ഞാലേ പലിശഭാരം കുറയൂ. ഈ നിരക്കുകൾ ആർ.എൽ.എൽ.ആറിനേക്കാൾ കൂടുതലുമാണ്. ഉപഭോക്താക്കൾക്ക് ബാങ്കിൽ അപേക്ഷ നൽകി വായ്പ, ആർ.എൽ.എൽ.ആറിലേക്ക് മാറ്റാനാകും.
കുറയുന്ന പലിശഭാരം
(ഉദാഹരണത്തിന് ഭവന വായ്പാ പലിശ)
ഒക്‌ടോബർ 2019
റിപ്പോ നിരക്ക് : 5.15%
ഭവന വായ്പാ പലിശ : 7.40%
മേയ് 2020
റിപ്പോ നിരക്ക് : 4.00%
പലിശനിരക്ക് : 7.00%
മോറട്ടോറിയത്തിന്
സമ്മിശ്ര പ്രതികരണം
റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയത്തോട് വിവിധ ബാങ്കുകളുടെ ഇടപാടുകാർ സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. മോറട്ടോറിയം ആഗസ്‌റ്ര് വരെ നീട്ടിയെങ്കിലും ലോക്ക്ഡൗണിൽ ഇളവുകൾ ലഭിച്ച പശ്ചാത്തലത്തിൽ ഡിമാൻഡ് കുറഞ്ഞേക്കാമെന്ന് ബാങ്ക് ഒഫ് ബറോഡ സി.ഇ.ഒ സഞ്ജീവ് ഛദ്ദ വിലയിരുത്തുന്നു.
ഇതുവരെ ബാങ്ക് ഒഫ് ബറോഡ വായ്‌പാ ഇടപാടുകാരിൽ 65 ശതമാനം പേർ മോറട്ടോറിയം സ്വീകരിച്ചു. എസ്.ബി.ഐ ഇടപാടുകാരിൽ 20 ശതമാനം പേരാണ് മോറട്ടോറിയം തേടിയത്.