തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതാണെന്ന് മന്ത്രി വിഎസ് സുനിൽകുമാര്‍. കേരളത്തിന്‍റെ അതിര്‍ത്തികള്‍ തുറന്നതിന്‍റേയും പ്രവാസികള്‍ നാട്ടിലേക്ക് എത്തുന്നതിന്‍റെയും സാഹചര്യത്തിലാണ് കൂടുതൽ കൊവിഡ് കേസുകൾ പ്രതീക്ഷിച്ചത്. ഹോട്ട്സ്പോട്ടുകളില്‍ നിന്നും റെഡ് സോണില്‍ നിന്നുമാണ് കൂടുതലാളുകളുമെത്തുന്നത്. അതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജാഗ്രതാ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെടുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍ക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് ഇപ്പോള്‍ അറിയാം. എന്നാല്‍ ഇവരെവിടെനിന്നാണ് വരുന്നതെന്ന് വ്യക്തതയില്ലെങ്കിലാണ് സാമൂഹിക വ്യാപനത്തിലേക്ക് മാറുക. അതിലാണ് ഭയപ്പെടേണ്ടത് ഇപ്പോള്‍ ജാഗ്രതയാണ് ആവശ്യം. ഇപ്പോഴുള്ള ലോക്ഡൗൺ ഇളവുകള്‍ ആഘോഷിക്കാനുള്ളതല്ല. സര്‍ക്കാര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ക്വാറന്‍റീനിലിരിക്കുന്നവര്‍ ഒരു സാഹചര്യത്തിലും പുറത്തിറങ്ങരുത്. സമൂഹത്തിന്‍റെ ആരോഗ്യം കൂടി നോക്കിയാണ് ഇത് ആവശ്യപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഇന്ന് 62 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.