ന്യൂഡൽഹി : കർണാടകത്തിൽ കൊവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാമ്പ് ധർമ്മശാലയിലേക്ക് മാറ്റിയേക്കും. ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് ക്യാമ്പ് നടന്നുവന്നിരുന്നത്. എന്നാൽ ആഗസ്റ്റിൽ മത്സരങ്ങൾ പുനരാരംഭിക്കുന്നുവെങ്കിൽ പരിശീലനം അതിനുമുമ്പേ തുടങ്ങേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ ടീമിനെ ബംഗ്ളൂരിലേക്ക് അയയ്ക്കുന്നത് സുരക്ഷിതമല്ലെന്നാണ് ബി.സിസി.ഐ വിലയിരുത്തൽ. ഇതോടെയാണ് ധർമ്മശാലയിൽ ക്യാമ്പ് തുടങ്ങാൻ ആലോചിക്കുന്നത്.
താരതമ്യേന കൊവിഡ് കേസുകൾ കുറവാണ് ഹിമാചൽപ്രദേശിൽ. മാത്രവുമല്ല പരിശീലനത്തിന് മുമ്പ് കളിക്കാരെ ക്വാറന്റൈനിൽ താമസിപ്പിക്കാൻ ധർമ്മശാലയിൽ ബി.സി.സി.ഐക്ക് സ്വന്തമായി ഹോട്ടലുമുണ്ട്. അടുത്തയാഴ്ച ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുമ്പോൾ കളിക്കാരെ ധർമ്മശാലയിലേക്ക് എത്തിക്കാനാണ് നീക്കം.