bharat-etf

 ലക്ഷ്യം ₹14,000 കോടി

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് കടപ്പത്ര എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ ഭാരത് ബോണ്ട് ഇ.ടി.എഫിന്റെ രണ്ടാം പതിപ്പ് കേന്ദ്ര സർക്കാർ ജൂലായിൽ അവതരിപ്പിക്കും. അഞ്ചുവർഷം, 11 വർഷം എന്നിങ്ങനെ മെച്യൂരിറ്റി കാലാവധിയുള്ള ബോണ്ടുകളാണ് ഉണ്ടാവുക. 14,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

പ്രാഥമികമായി 3,000 കോടി രൂപയും പിന്നീട് 'ഗ്രീൻ ഷൂ' ഓപ്‌ഷനിലൂടെ 11,000 കോടി രൂപയും സമാഹരിക്കാണ് ഉദ്ദേശിക്കുന്നത്. ഉയർന്ന ഡിമാൻഡ് ഉണ്ടെങ്കിൽ കൂടുതൽ കടപ്പത്രങ്ങളിറക്കി, അധിക സമാഹരണം നടത്താൻ അനുവദിക്കുന്ന ഓപ്ഷനാണിത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ 'എ.എ.എ" റേറ്രിംഗുള്ള കടപ്പത്രങ്ങളാണ് രണ്ടാം പതിപ്പിലും ലഭ്യമാക്കുക. അഞ്ചുവർഷ കാലാവധിയുള്ള ബോണ്ടുകളുടെ മെച്യൂരിറ്റി കാലാവധി 2025 ഏപ്രിലും 10-വർഷ ബോണ്ടിന്റേത് 2031 ഏപ്രിലും ആയിരിക്കും.

ഡിമാറ്റ് അക്കൗണ്ട് ഇല്ലാത്തവർക്കായി, ഇതേ മെച്യൂരിറ്റി കാലയളവുകളുള്ള ബോണ്ടുകളുമായി ഭാരത് ബോണ്ട് ഫണ്ട്‌സ് ഒഫ് ഫണ്ട്‌സ് (എഫ്.ഒ.എഫ്) പദ്ധതിയും അവതരിപ്പിക്കുമെന്ന് ഭാരത് ബോണ്ടിന്റെ മാനേജ്‌മെന്റ് ചുമതലയുള്ള ഈഡൽവീസ് അസറ്ര് മാനേജ്‌മെന്റത്സ വ്യക്തമാക്കി.

ഒന്നാം പതിപ്പ് സൂപ്പർ ഹിറ്ര്

കഴിഞ്ഞ ജനുവരിയിലാണ് ഭാരത് ബോണ്ട് ഇ.ടി.എഫിന്റെ ഒന്നാം പതിപ്പ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. 7,000 കോടി രൂപ നേടുകയായിരുന്നു ലക്ഷ്യമെങ്കിലും 12,000 കോടി രൂപ ലഭിച്ചു. 2023ൽ കാലാവധി അവസാനിക്കുന്ന മൂന്നുവർഷ മെച്യൂരിറ്റിയും 2030ൽ കാലാവധി തീരുന്ന 10 വർഷ മെച്യൂരിറ്റിയുമുള്ള കാലയളവുകളാണ് ഈ ബോണ്ടിനുള്ളത്. ആയിരം രൂപയായിരുന്നു കുറഞ്ഞ നിക്ഷേപ തുക.

6.69%

ആദ്യ പതിപ്പിൽ നിഫ്‌റ്റി ഭാരത് ബോണ്ട് ഇൻഡക്‌സ് - ഏപ്രിൽ 2023 പ്രകാരമുള്ള ഇ.ടി.എഫിന് 6.69 ശതമാനവും ഏപ്രിൽ 2030 പ്രകാരമുള്ള ഇ.ടി.എഫിന് 7.58 ശതമാനവും യീൽഡ് (കടപ്പത്രങ്ങളിന്മേൽ നിക്ഷേപകന് ലഭിക്കുന്ന നേട്ടം)​ ആയിരുന്നു നിക്ഷേപകന് വാഗ്‌ദാനം

2 ലക്ഷ്യങ്ങൾ

സാധാരണക്കാരെ കടപ്പത്ര വിപണിയിലേക്ക് ആകർഷിക്കുകയും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാങ്ക് വായ്‌പയ്ക്ക് പുറമേ മൂലധനം കണ്ടെത്താൻ പുത്തൻ വഴി ഒരുക്കുകയും ലക്ഷ്യമിട്ടാണ് കേന്ദ്രം ഭാരത് ബോണ്ട് ഇ.ടി.എഫിന് രൂപം നൽകിയത്.