ലക്‌നൗ: ബോളിവുഡ് നടൻ മോഹിത് ബാഘൽ (26) അന്തരിച്ചു. ആറ് മാസമായി ഡൽഹി എയിംസിൽ അർബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ പുലർച്ചെ മഥുരയിലെ വീട്ടിൽ വച്ചായിരുന്നു മരണം. കോമഡി പരിപാടിയായ ഛോട്ടേ മിയാനിലൂടെയാണ് മോഹിത് പ്രശസ്തനാകുന്നത്. പിന്നീട് സൂപ്പർതാരം സൽമാൻ ഖാന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ 'റെഡി"യിൽ അമർ ചൗധരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇത് മോഹിതിന് ഏറെ ആരാധകരെ നേടി കൊടുത്തു. ഇന്ത്യയിലെമ്പാടും പ്രസിദ്ധമായ 'കോമഡി സർക്കസ്" എന്ന പരിപാടിയിലും പങ്കെടുത്തിരുന്നു. ഗലി ഗലി ചോർ ഹേ, ജബ്‌രിയ ജോഡി, ഉവ എന്നിവയടക്കം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.