tiranga-virus
TIRANGA VIRUS

മുംബയ്: കൊവിഡിന് പുറമെ തക്കാളിപ്പാടങ്ങളെ ബാധിക്കുന്ന പുതിയ രോ​ഗം മഹാരാഷ്ട്രയിലെ കർഷകരെ ദുരിതത്തിലാക്കുന്നു. നാസിക്, അഹമ്മദ് ന​ഗർ, സത്താര, പൂന എന്നിവിടങ്ങളിലെ തക്കാളിപ്പാടങ്ങളിലാണ് മൂപ്പെത്താതെ തക്കാളികൾ പഴുത്ത് നശിച്ചു പോകുന്ന സാഹചര്യമുണ്ടായത്. കഴിഞ്ഞ പത്തുദിവസങ്ങളിലായി അറുപത് മുതൽ എൺപത് ശതമാനം വരെ കാർഷിക വിളകൾ‌ നശിച്ചു പോയി. തക്കാളികൾ നിറംമാറുകയും തക്കാളിയുടെ അകത്ത് കറുത്ത നിറത്തിലുള്ള കുത്തുകൾ ഉണ്ടാകുകയും ചെയ്യുന്നു. 'തിരം​ഗാ" വൈറസ് എന്നാണ് കർഷകർ വിളനാശത്തെ വിളിക്കുന്നത്.

മെയ് മാസത്തിലെ രണ്ടാംഘട്ട വിളവെടുപ്പ് കാലത്തുണ്ടായ ഈ ദുരിതത്തെ എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് കർഷകർ. സാധാരണ പറിച്ചെടുത്ത് മൂന്നാല് ദിവസങ്ങൾക്കുള്ളിലാണ് തക്കാളി ചീഞ്ഞു പോകുന്നത്. എന്നാൽ പുതിയ വൈറസ് ബാധ മൂലം പന്ത്രണ്ട് മണിക്കൂർ കഴിയുമ്പോഴേയ്ക്കും ചീത്തയാകുകയാണ്. ഇവ നിയന്ത്രിച്ചില്ലെങ്കിൽ മറ്റ് വിളകളെക്കൂടി ബാധിക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.