kerala

കണ്ണൂർ: കോൺഗ്രസ് പാർട്ടി ഏർപ്പെടാക്കിയ ബസുകളിൽ കർണാടകയിൽ നിന്നും കണ്ണൂരിലേക്ക് എത്തുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി. തങ്ങൾ സ്വന്തം വാഹനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ചെക്ക് പോസ്റ്റിൽ കള്ളം പറഞ്ഞുകൊണ്ടാണ് ഇങ്ങനെയെത്തുന്നവർ സംസ്ഥാനത്തേക്ക് കടക്കുന്നതെന്നാണ് വിവരം. ഒരു മലയാളം സ്വകാര്യ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെ തുടർന്ന് കണ്ണൂരിലേക്ക് എത്തിയവരെ ടൗണിൽ വച്ച് പൊലീസ് തടയുകയും പന്ത്രണ്ടോളം പേരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഇവർ നിരീക്ഷണത്തിൽ കഴിയേണ്ടുന്നതിന് പകരം ബസ് നിർത്തി ആൾത്തിരക്കുള്ള സ്ഥലങ്ങളിൽ ഇറങ്ങി പോകുകയും ചെയ്യുന്നുണ്ട്. നിലവിൽ വീടുകളിൽ നിന്നും വാഹനങ്ങൾ വരുത്തി പൊലീസ് ഇങ്ങനെ എത്തുന്നവരെ പറഞ്ഞയക്കുകയാണ്. ഇന്ന് കേരളത്തില്‍ 62 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.

പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ എട്ട് പേര്‍ക്കും ആലപ്പുഴ ജില്ലയിലെ അഞ്ച് പേര്‍ക്കും കോഴിക്കോട്, കാസര്‍കോട് ജില്ലയിലെ നാല് പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ മൂന്ന് പേര്‍ക്കും കോട്ടയം ജില്ലയിലെ രണ്ട് പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.

ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ മൂന്ന് പേര്‍ പാലക്കാട് ജില്ലയിലുള്ളവരും രണ്ട് പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.