ന്യൂഡല്‍ഹി∙കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണം 37,000 - 78000 വരെ മരണങ്ങൾ തടയാനായെന്ന് കേന്ദ്രസർക്കാർ. ഏകദേശം 14-19 ലക്ഷം കൊവിഡ് കേസുകളും ലോക്ക്‌ഡൗൺ കാരണം ഒഴിവാക്കാനായെന്ന് നീതിആയോഗ് അംഗം ഡോ.വി..കെ.പോൾ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതു മൂലം വൈറസ് വ്യാപനത്തിന്റെ വേഗം കുറയ്ക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏപ്രില്‍ മൂന്നിന് പ്രതിദിനം 22.6 ശതമാനം പുതിയ കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഏപ്രില്‍ 4-നു ശേഷം രോഗികളുടെ എണ്ണം കുറഞ്ഞു. ഇപ്പോഴത് 5.5 ശതമാനമായി ഒതുങ്ങി.
മാര്‍ച്ച് 25-നാണു ലോക്ഡൗണ്‍ തുടങ്ങിയത്. രോഗവ്യാപനം കുറച്ചതിനു പുറമേ സര്‍ക്കാരിന് ആവശ്യമായ തയാറെടുപ്പുകള്‍ നടത്താനുളള സാവകാശവും ലഭിച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കാനും കഴിഞ്ഞു. ആവശ്യമുള്ള മരുന്നുകള്‍ ലഭിക്കാന്‍ അതുകൊണ്ടുതന്നെ കാലതാമസം ഉണ്ടായില്ലെന്നും ഡോ. പോള്‍ പറഞ്ഞു.
മേയ് 21-ലെ കണക്കനുസരിച്ച് രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നാണ്. 90 ശതമാനം കേസുകളും പത്തു സംസ്ഥാനങ്ങളിൽ നിന്നാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 60 ശതമാനം രോഗബാധിതരും മുംബൈ, ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നീ നഗരങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തുണ്ടായ 80 ശതമാനം മരണങ്ങളും മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്. 60 ശതമാനം മരണങ്ങളും മുംബൈ, അഹമ്മദാബാദ്, പുണെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ അഞ്ചു നഗരങ്ങളില്‍ നിന്നാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ ലോക്ഡൗണ്‍ മൂലം 36 മുതല്‍ 70 ലക്ഷം കോവിഡ് കേസുകളും 1.2-2.1 ലക്ഷം മരണങ്ങളും ഒഴിവാക്കപ്പെട്ടുവെന്നാണു വിലയിരുത്തപ്പെടുന്നത്.