ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജ്യത്താകമാനം അന്തർദേശീയ വിമാന സർവീസുകൾ പുനരാരംഭിക്കാൻ തുടങ്ങുകയാണ്. എന്നാൽ സ്വന്തം നാടുകളിലേക്ക് എത്തുന്നതിനായി രാജ്യത്തെ ധനിക വിഭാഗത്തിന് അതുവരെയൊന്നും കാത്തിരിക്കാൻ ആകില്ലെന്ന മട്ടാണ്. അതിനായി പലരും സ്വന്തം കൈയ്യിൽ നിന്നും പണം മുടക്കിക്കൊണ്ട് വിമാനങ്ങൾ ചാർട്ട് ചെയ്തുകഴിഞ്ഞതായാണ് വിവരം.ഈ പാത പിന്തുടർന്നാണ് ബംഗളുരുവിലെ ഒരു മലയാളി കുടുംബം കൊച്ചിയിലെത്തുന്നതിനായി ഒരു ഹെലികോപ്റ്റർ തന്നെ ബുക്ക് ചെയ്തിരിക്കുന്നത്.
അഞ്ച് ലക്ഷം രൂപ മുടക്കിയാണ് ഈ കുടുംബം 'ഹാലോ എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്വകാര്യ ഹെലികോപ്ടർ/വിമാന റെന്റൽ കമ്പനിയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റർ ചാർട്ടർ ചെയ്തത്. ഇത്തരം ആവശ്യവുമായി കേരളത്തിൽ നിന്നുള്ളവർ ഉൾപ്പെടെ നിരവധി പേർ തങ്ങളെ ബന്ധപെടുന്നതായി കമ്പനി വ്യക്തമാക്കുന്നു. ഇവരിൽ പലരും മുൻപ് ഒരു സ്വകാര്യ വിമാനം വഴി സഞ്ചരിക്കാത്തവരാണെന്നും 'ഹാലോ എയർവേയ്‌സ്' സി.ഇ.ഓ ഷോബി ടി. പോൾ പറയുന്നു.
വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനുള്ള അനുമതിക്കായി നിരവധി സ്വകാര്യ വിമാനകമ്പനികൾ തങ്ങളുമായി ബന്ധപെടുന്നതായി കൊച്ചി-നെടുമ്പാശേരി വിമാനത്താവളത്തിലെ അധികൃതരും പറയുന്നു. നാല് പേരാണ് ഹെലികോപ്റ്റർ വഴി കൊച്ചിയിലേക്ക് എത്തുക. ഇക്കൂട്ടത്തിൽ ഒരാൾ 32 വയസുള്ള ഗർഭിണിയായ സ്ത്രീയാണ്. കുടുംബം കൊച്ചിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ശേഷം എല്ലാ തരം സുരക്ഷാ മാനദണ്ഡങ്ങളിലൂടെ കടന്നുപോകുമെന്നും ശേഷം ഇവരെ നേരെ വീട്ടിൽ എത്തിക്കുമെന്നും ഷോബി വ്യക്തമാക്കുന്നു. വീട്ടിലെത്തിയ ശേഷം ഇവർ സർക്കാർ നിർദേശ പ്രകാരമുള്ള 14 ദിവസ ക്വാറന്റീനിൽ കഴിയുകയും ചെയ്യും.