anjana-

ഗോവയിലെ റിസോർട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ജന ഹരീഷിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അമ്മ. ‘അവളൊരിക്കലും ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യില്ലെന്നും അവളെ കൊണ്ടുപോയി ഇല്ലാതാക്കിയതാണെന്നും അമ്മ മിനി പറയുന്നു. അഞ്ജനയെ കൂട്ടുകാ‌ർ കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മിനി.

‘‘കണ്ണൂർ ബ്രണ്ണൻ കോളജിൽ രണ്ടാം വർഷം പഠിക്കുന്നതിനിടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇവരുമായി അവൾ പരിചയത്തിലാകുന്നത്. ഇവരുടെകൂടെ അഞ്ജന കുറച്ചുനാൾ താമസിച്ചിട്ടുണ്ട്. സ്ഥിരമായി വീട്ടിലേക്കു വന്നിരുന്ന മോൾ രണ്ടു മാസത്തോളം വരാതായപ്പോൾ സംശയമായി. പിന്നീട് അവളെ വീട്ടിലേക്കു വിളിച്ചുവരുത്തി ബലമായി ആശുപത്രിയിൽ കൊണ്ടുപോയി. പാലക്കാട് ഒരാശുപത്രിയിലാണ് ആദ്യം ചികിത്സിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിൽ രക്തത്തിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം കണ്ടെത്തി. ചികിത്സയ്ക്കു കാര്യമായ ഫലം കാണാത്തതിനാൽ അവിടെ നിന്ന് തിരുവനന്തപുരത്ത് ഒരു ഡീഅഡിക്‌ഷൻ സെന്ററിലാക്കി. അവിടെ രണ്ടു മാസത്തോളം അവൾ ചികിത്സയിലായിരുന്നു. പണം തികയാത്തതിനാൽ ലോൺ ഒക്കെ എടുത്താണ് അവളെ ചികിത്സിച്ചത്. മിനി പറയുന്നു.

ചികിത്സയ്ക്കു ശേഷം അസുഖമൊക്കെ മാറി നല്ല മിടുക്കിയായാണ് അവൾ വീട്ടിലേക്കു മടങ്ങിയത്. പിന്നീട് കുറച്ചു ദിവസം കഴിഞ്ഞ് കോളേജിൽ എന്തോ പരിപാടിയുണ്ടെന്നു പറഞ്ഞ് രണ്ടു കൂട്ടുകാരികൾ അഞ്ജനയെ വിളിച്ചു. അസുഖമൊക്കെ മാറി നന്നായി പഠിക്കാൻ തുടങ്ങിയതായിരുന്നു കോളേജിലേക്ക് വരണമെന്ന് അവർ നിർബന്ധിച്ചപ്പോഴാണ് അവൾ പിന്നീട് വീണ്ടും കോളജിലേക്കു പോയതെന്നും മിനി പറഞ്ഞു.

എന്നാൽ പിന്നീട് അഞ്ജനയുടെ ഫോൺ കോൾ മാത്രമാണ് വന്നതെന്ന് അമ്മ പറയുന്നു. ‘‘ഞാൻ കോഴിക്കോട് ആണ് ഉള്ളത്, ഇനി അങ്ങോട്ട് വരുന്നില്ല’’ എന്നാണ് അഞ്ജന പറഞ്ഞതെന്ന് മിനി പറഞ്ഞു. പിന്നീട് വിവരം ഒന്നും കിട്ടാതായതോടെ മകളെ കാണാനില്ലെന്നു പറഞ്ഞ് മിനി ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി. പൊലീസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. അവിടെ വച്ച് വീട്ടിലേക്കു പോകാൻ താൽപര്യമില്ലെന്നും കൂടെ ഹാജരായ കൂട്ടുകാരിക്കൊപ്പം പോകാനാണ് താൽപര്യമെന്നുമാണ് അഞ്ജന പറഞ്ഞതെന്ന് അമ്മ പറയുന്നു. അഞ്ജനയുടെ ശാരീരിക സ്ഥിതി മോശമായതിനാൽ അവളെ സംരക്ഷിക്കുമോയെന്ന് ചോദിച്ചപ്പോൾ കൂട്ടുകാരി ആദ്യം വിസ്സമ്മതിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നെന്നും പറയുന്നു. അവളെ ബ്രെയിൻവാഷ് ചെയ്ത് കൊണ്ടുപോയതാണ്. അവളെ എന്താണ് ചെയ്തതെന്ന് എനിക്ക് അറിയില്ല എന്നാണ് ആ അമ്മ പറയുന്നത്.

അവളെ കോടതിയിൽ നിന്ന് ഗോവയ്ക്കാണ് കൂട്ടിക്കൊണ്ടുപോയത്. അവിടെ ചെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞ് അവൾ എന്നെ വിളിച്ചിരുന്നു. ഇവിടെയുള്ളവരൊന്നും ശരിയല്ല, എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷിക്കണം എന്നാണ് അവൾ പറഞ്ഞത്. എന്നാൽ ലോക്‌ഡൗൺ ആയതിനാൽ അവൾക്കു തിരികെ വരാൻ പറ്റാത്ത അവസ്ഥയായി.

അഞ്ജനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മിനിയും കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കു പരാതി നൽകി.