ജാപ്പനീസ് എൻസഫലൈറ്റിസ് വൈറസ്, വെസ്റ്റ് നൈൽ വൈറസ് എന്നിവയാണ് ഇന്ത്യയിൽ കണ്ടുവരുന്ന മസ്തിഷ്‌കജ്വര വൈറസുകൾ. ഈ രണ്ട് വൈറസുകളുടെയും വാഹകർ ക്യൂലക്സ് കൊതുകുകളാണ്. സാധാരണ പനി പോലെ തലവേദന, ശരീരവേദന ക്ഷീണം എന്നീ ലക്ഷണങ്ങളോടെയാണ് തുടക്കം എങ്കിലും പിന്നീട് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളായ ജന്നി, അതിതീവ്രമായ തളർച്ച, പക്ഷാഘാതം എന്നിവ പ്രകടമാകും.
കൊക്ക്, പ്രാവ് എന്നീ പക്ഷികളിലും കുതിര, പന്നി എന്നീ മൃഗങ്ങളിലും വൈറസ് ഉള്ളതായി കാണുന്നു. എന്നാൽ ഇവയിൽ രോഗലക്ഷണങ്ങൾ കാണാറില്ല. ക്യൂ ലക്സ് കൊതുകുകൾ വഴിയാണ് രോഗം മനുഷ്യരിലേക്ക് എത്തുന്നത്. അതിനാൽ കൊതുകു നിയന്ത്രണമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗം. രോഗം പതിവായി കണ്ടുവരാറുള്ള പ്രദേശങ്ങളിൽ ഇതിന് പ്രതിരോധ കുത്തിവയ്പ് നിർദേശിക്കപ്പെടുന്നുണ്ട്.