ന്യൂയോർക്ക്: ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 54 ലക്ഷത്തോളം പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 343,975 ആയി ഉയർന്നു. 2,247,237പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്.
യു.എസിൽ കൊവിഡ് ബാധിതരുടെ എണ്ണം 16.6 ലക്ഷം കടന്നു. മരണസംഖ്യ 98000ആയി. അതേസമയം, കൊവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ബ്രസീൽ ലോകത്ത് രണ്ടാമതെത്തി. 347,398 പേർക്കാണ് ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാമതായ റഷ്യയിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പ്രതിദിന മരണം കുറവാണ്. എന്നാൽ, രോഗവ്യാപനം ശക്തമാണ്.335,882 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1.3ലക്ഷമായി. മൂവായിരത്തി എണ്ണൂറിൽ കൂടുതലാളുകൾ മരണപ്പെട്ടു. 54,385പേർ രോഗമുക്തരായി. കൊവിഡ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത സിക്കിമിൽ ഇന്നലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ 25കാരനായ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് നാലുമാസത്തോളമാകുമ്പോഴും ഗ്രീൻസോണിൽ തുടർന്ന ഏക സംസ്ഥാനമാണ് സിക്കിം.