train

ന്യൂഡൽഹി: രാജ്യമൊട്ടാകെ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കേന്ദ്രത്തിന് താത്പര്യമുണ്ടെന്ന് സൂചന നൽകി റെയിൽവേ ബോർഡ്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയില്‍വേ ബോർഡ് ചെയര്‍മാന്‍ വി.കെ യാദവ് പറഞ്ഞു. ജൂണ്‍ 1 മുതല്‍ 200 എക്‌സ്പ്രസ് ട്രെയിനുകൾ ഓടിക്കും. ശ്രമിക് ട്രെെയിനുകള്‍ക്ക് പുറമെയാണിതെന്നും അദേഹം വ്യക്തമാക്കി.

പത്തു ദിവസത്തിനുള്ളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് 2600 ശ്രമിക് ട്രെയിനുകളാണ് ഓടിക്കുന്നത്. 36 ലക്ഷം യാത്രക്കാരെ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കുന്നതും റെയിൽവേയുടെ പരിഗണനയിലുണ്ട്.എന്നാൽ സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം കൂടുതൽ തീരുമാനങ്ങളിലേക്ക് കടന്നാൽ മതിയെന്നാണ് റെയിൽവേ ബോർഡ് തീരുമാനം.

നാലംഘട്ട ലോക്ക് ഡൗൺ കഴിഞ്ഞ ശേഷം രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തി കൂടുതൽ ട്രെയിനുകൾ ഓടിക്കാമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. റെയിൽവേ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ ഒരുങ്ങുന്ന കാര്യം വിവിധ ദേശിയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.