തിരുവനന്തപുരം: ബാബ്റി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധി ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധമാണെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. വലിയ നീതി നിഷേധത്തിന് ഇസ്ലാമിക സമൂഹം ഇരയായി. ബാബ്റി മസ്ജിദ് വിധിയിൽ പള്ളി പൊളിച്ചത് തെറ്റാണെന്ന് പറഞ്ഞ അതേ സുപ്രീം കോടതി പള്ളി ഭൂമി ക്ഷേത്ര നിർമ്മാണത്തിന് കൊടുക്കണമെന്ന് പറഞ്ഞത് ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധമാണ്. ഇത് ഇന്ത്യക്കാർ തിരിച്ചറിയണം. ഇത്തരം നീതി നിഷേധങ്ങൾ അവർത്തിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദേഹം ഈദ് സന്ദേശം നൽകിയത്.
പൗരത്വ നിയമ ഭേദഗതി മുസ്ലിങ്ങളോടുള്ള അവഗണനയും ഏറ്റവും വലിയ അവകാശ നിഷേധവുമായിരുന്നു. കൊവിഡ് കാലം കഴിഞ്ഞാൽ സി.എ.എ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കണം. എല്ലാവർക്കും പൗരത്വം നൽകുന്നതിൽ സന്തോഷം. ഏതെങ്കിലും മതത്തെ ഒഴിവാക്കരുത്. അത് തുല്യതയ്ക്കും മതനിരപേക്ഷതയ്ക്കും എതിരാണെന്നും അദേഹം പറഞ്ഞു.
കൊവിഡിന്റെ മറവിലും രാജ്യത്ത് മുസ്ലിം വേട്ട നടക്കുന്നു. ഇന്ത്യാരാജ്യത്ത് ഇസ്ലാമോഫോബിയ ഉണ്ടെന്ന് പറഞ്ഞതിന് ഡൽഹിയിലെ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ സഫറുൾ ഇസ്ലാം ഖാനെതിരെ കേസെടുത്തു. രാജ്യത്ത് വൈറസിനേക്കാൾ ഭീതിതമായി വംശീയ വൈറസ് പ്രചരിക്കുന്നുവെന്ന് പറഞ്ഞ അദേഹം ഇത് ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണെന്നും കൂട്ടിചേർത്തു.
കൊറോണയെ തബ്‌ലീഗ് വൈറസ് എന്ന് വിളിച്ചു. നിസാമുദ്ദീൻ സംഭവം ചെറിയൊരു വീഴ്ചയാണെന്നും പകർച്ച വ്യാധികളെ നേരിടുന്നതിൽ ഇസ്ലാമിക സമൂഹം ജാഗ്രത പാലിക്കണമെന്നും ഇമാം പറഞ്ഞു.കൊറോണയുടെ പേരിൽ സമുദായത്തെ മുഴുവൻ ആക്ഷേപിക്കരുത്. ചിലരെങ്കിലും അതിന് തയ്യാറായത് വിഷമമുണ്ടാക്കി. അത്തരം പ്രസ്താവനങ്ങൾ ഇനി രാജ്യത്ത് ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.