തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് പരീക്ഷകേന്ദ്രങ്ങൾ മാറിയെത്തുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ സര്‍ക്കാര്‍ പ്രത്യേക മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി വിവിധ അദ്ധ്യാപക സംഘടനകള്‍ രംഗത്ത്. മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ വിദ്യാർത്ഥികൾ അള്‍മാറാട്ടം നടത്തി പരിക്ഷാ ഹാളിലെത്താന്‍ സാദ്ധ്യതയുണ്ടെന്ന് അദ്ധ്യാപകരുടെ മുന്നറിയിപ്പ്. വിവരം വിദ്യാഭ്യാസമന്ത്രിയെ സംഘടനകള്‍ അറിയിച്ചു.
പരീക്ഷ കേന്ദ്രങ്ങൾ മാറിയെത്തുന്ന വിദ്യാർത്ഥികളെ തിരിച്ചറിയാനുള്ള മാർഗനിർദേശങ്ങള്‍ വിദ്യഭ്യാസ വകുപ്പ് പുറപ്പെടുവിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ ആള്‍മാറാട്ടം നടന്നാല്‍ അദ്ധ്യാപകര്‍ ഉത്തരവാദികളായിരിക്കില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് പന്ത്രണ്ടായിരത്തിലധികം വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി, എസ്.എസ്.എല്‍.സി വിഭാഗങ്ങളിൽ സ്കൂള്‍ മാറി പരിക്ഷയെഴുതാന്‍ തയാറെടുക്കുന്നത്. ഇതില്‍ പതിനായിരത്തിനടുത്ത് ഹയര്‍ സെക്കൻഡറി വിദ്യാർത്ഥികളാണ്.