pj-joseph

തിരുവനന്തപുരം: യു.ഡി.എഫിന് മുന്നറിയിപ്പുമായി കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് രംഗത്ത്. എന്തും സഹിച്ച് യു.ഡി.എഫില്‍ തുടരുമെന്ന് കരുതേണ്ടെന്നാണ് ജോസഫ് യു.ഡി.എഫ് നേതാക്കളോട് പറഞ്ഞിരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട ധാരണ പാലിക്കാത്തതില്‍ കടുത്ത അതൃപ്തിയാണ് ജോസഫിനുള്ളത്. ധാരണ പാലിച്ചില്ലെങ്കില്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം.

കോട്ടയം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വം നേരത്തെയുണ്ടാക്കിയ ധാരണയുണ്ട്. അത് പ്രകാരം അവസാനത്തെ ആറ് മാസം ജോസഫ് വിഭാഗത്തിനാണ് അദ്ധ്യക്ഷസ്ഥാനം. ധാരണ യു.ഡി.എഫ് പാലിക്കാത്തതില്‍ കടുത്ത അതൃപ്തിയാണ് ജോസഫ് വിഭാഗത്തിനുള്ളത്. യു.ഡി.എഫ് നേതൃത്വത്തെ അതൃപ്തിയും അമര്‍ഷവും അറിയിച്ച ജോസഫ് ധാരണ പാലിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ യു.ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നും അറിയിച്ചു. തദേശ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഇനി നാല് മാസമാണ് ബാക്കിയുള്ളത്.

ജോസഫ് വിഭാഗം നടത്തുന്ന നീക്കത്തില്‍ കോണ്‍ഗ്രസിന് കടുത്ത ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം കൊവിഡുമായി ബന്ധപ്പെട്ട് കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പി.ജെ.ജോസഫ് മുഖ്യമന്ത്രിയുമായി ഒറ്റയ്ക്ക് ചര്‍ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയും തുടര്‍ന്നുള്ള നീക്കങ്ങളും പുതിയ രാഷ്ട്രീയനീക്കത്തിന് തുടക്കമാണോ എന്ന് കോണ്‍ഗ്രസും യു.ഡി.എഫും സംശയിക്കുന്നു.