heart-

കൊവിഡ് കേരളത്തിൽ ഇതിനോടകം അപഹരിച്ചത് അഞ്ച് ജീവൻ.ഈ കാലയളവിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടി ആശുപത്രികളിൽ എത്തിയവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു.കൊവിഡ് ഭീതിയും , രോഗികളെ സ്വീകരിക്കുന്നതിന് ആശുപത്രികളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും, യാത്രാ സൗകര്യങ്ങളുടെ പരിമിതിയും ഇതിനൊരു കാരണമായിരുന്നു.എന്നാൽ അടിയന്തര ചികിത്സ ലഭ്യമാകാതെ ആരും മരിച്ചതായി വാർത്തകൾ വന്നിരുന്നുമില്ല. ഒറ്റയടിക്ക് കേരളത്തിലെ ജനങ്ങൾ സമ്പൂർണ്ണ ആരോഗ്യവാൻമാരായി മാറിയതാണോ?വയറുവേദന വന്നാൽ അൾട്രാസൗണ്ട് സ്കാനും തലവേദനയ്ക് എം.ആർ.ഐയും ചെയ്താൽ മാത്രം തൃപ്തിപ്പെടുന്ന, ജലദോഷം വന്നാൽ ആന്റി ബയോട്ടിക്ക് കഴിക്കുന്ന മലയാളികളുടെ ശീലത്തിൽ കൊവിഡ് കാലം മാറ്റം വരുത്തിയിട്ടുണ്ടോ?

എന്തായാലും ഈ കാലയളവിൽ കേരളത്തിൽ കൊവിഡ് മൂലമല്ലാതെ മരിച്ചവരുടെ എണ്ണം എത്രയാണെന്ന് ഒന്ന് അന്വേഷിച്ചു നോക്കി.മരണസംഖ്യയുടെ ഗ്രാഫ് താഴേക്കാണെന്നാണ് ഒൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ജനുവരിയിൽ 22157പേർ ,ഫെബ്രുവരിയിൽ 19734 ,മാർച്ചിൽ 15426, ഏപ്രിലിൽ 12744 എന്നീ നിലയിൽ പോകുന്നു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത മരണങ്ങളുടെ കണക്കുകൾ.തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥിതി ഒരു ഉദാഹരണമായി നോക്കിയാൽ ജനുവരിയിൽ 1597,ഫെബ്രുവരിയിൽ 1298 ,മാർച്ചിൽ 1122,ഏപ്രിലിൽ 743, മേയ് 22 വരെ 923 എന്നിങ്ങനെയാണ് മരണം രജിസ്റ്റർ ചെയ്തിട്ടുള്ളത്.(കൊവിഡ് ഇന്ത്യയിലാദ്യമായി റിപ്പോർട്ട് ചെയ്തത് ഈ വർഷം ജനുവരി 30 ന് തൃശൂരിലായിരുന്നു ).

നെഞ്ചുവേദന തോന്നിയാൽ ഉടൻ ഹാർട്ട് അറ്റാക്കായിരിക്കുമോയെന്ന ആശങ്കയും ഭീതിയും മൂലം ആശുപത്രിയിലേക്ക് ഒാടുന്നവരുടെ കണക്കിലും വലിയ കുറവാണ് വന്നിരിക്കുന്നത്.അമേരിക്കൻ,യൂറോപ്യൻ കാർഡിയോളജി സൊസൈറ്റികളുടെയും ഇന്ത്യൻ കാർഡിയോളജി സൊസൈറ്റിയുടെയും വിലയിരുത്തൽ പ്രകാരം നെഞ്ചുവേദനയടക്കം ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ 40 മുതൽ 50 ശതമാനം വരെ കുറവ് ആഗോളതലത്തിൽ ഉണ്ടായതായി കേരളത്തിലെ പ്രമുഖ ഹൃദയ ചികിത്സാ വിദഗ്ധനായ ഡോ.സി.ജി.ബാഹുലേയൻ പറഞ്ഞു.കൊവിഡ് സാഹചര്യം മാറുമ്പോൾ പൂർവ്വസ്ഥിതിപ്രാപിക്കുമെന്നാണ് ഡോ.ബാഹുലേയന്റെ അഭിപ്രായം.ഈ കാലയളവിലെ ഹൃദയസംബന്ധിയായ ചികിത്സയ്ക് മാർഗ്ഗരേഖയിറക്കിയിട്ടുമുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഓ.പിയിൽ ദിനംതോറും അറുന്നൂറിലധികം രോഗികൾ പതിവായി വന്നിരുന്നെങ്കിൽ അത് നൂറിൽത്താഴെയായി.ലോക്ക്ഡൗൺ ഇളവുകൾ വന്നിട്ടും പകുതിപ്പേർപോലും വന്നുതുടങ്ങിയില്ലെന്ന് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ.കെ.സുനിതാവിശ്വനാഥൻ പറഞ്ഞു.സ്റ്റെന്റ് ഇടുന്നതിനുള്ള ആൻജിയോപ്ളാസ്റ്റി ചെയ്യുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി.ഈ കാലത്ത് സ്റ്റെന്റിന്റെ ഉപയോഗം അമ്പത് ശതമാനത്തിൽ താഴെയാണ്. ആർക്കും കുഴപ്പമില്ല,സ്റ്റെന്റിടാൻ ധൃതിയുമില്ല.ഹൃദയമേ നിന്റെ വിശാല മനസ്സെന്നല്ലാതെ എന്ത് പറയാൻ...? ഇതെല്ലാം ഒട്ടേറെ ചോദ്യങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.ആരോഗ്യപരിപാലനത്തിന് ഉയർന്ന പരിഗണന നൽകുന്ന കേരളത്തിലെ ജനങ്ങൾ ഈ കാലയളവിൽ എന്താണ് പഠിച്ചതെന്ന് ഗവേഷണ വിധേയമാക്കേണ്ടിയിരിക്കുന്നു.

" എന്തിനും അമിതമായി ചികിത്സയെയും,മരുന്നിനെയും ആശ്രയിക്കുന്ന ഒരു സമീപനരീതി മലയാളികൾക്കിടയിൽ ഉണ്ടായതായി പ്രമുഖ കാർഡിയാക് സർജനും ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടറുമായ ഡോ.എം.എസ്. വല്യത്താൻ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പറയുകയുണ്ടായി.പെട്ടെന്നുണ്ടായ ഒരു ശീലമല്ലിത്. ഡോക്ടർമാരിൽ ഒരുവിഭാഗത്തിനും ,മരുന്ന് കമ്പനികൾക്കുമൊക്കെ ഇതിൽ പങ്കുണ്ട്.മെഡിക്കൽ ചെക്കപ്പ് ഒരു അനിവാര്യതയാണെന്ന് അവർ പ്രചരിപ്പിക്കുന്നു.മരുന്ന് നിർമ്മാണവും വിൽപ്പനയും വലിയൊരു വ്യവസായമായി മാറിയ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ആധുനിക ചികിത്സ കൈവരിച്ച നേട്ടങ്ങളെ തള്ളിപ്പറയുകയല്ല.പക്ഷേ അനാവശ്യ ചികിത്സ ആവശ്യമില്ല.എന്തെങ്കിലും കഴിക്കണമെങ്കിൽപ്പോലും ഡോക്ടറോട് ചോദിക്കുന്ന അവസ്ഥയായി.ഇതിലൂടെ സ്വയം തീരുമാനമെടുക്കാനുള്ള അവരവരുടെ ശേഷിതന്നെ നഷ്ടപ്പെടുത്തുകയാണ്.ഇപ്പോൾ ആളുകൾ ആശുപത്രിയിൽ പോകാതിരിക്കുന്നത് കൊവിഡ് ഭീതിമൂലമാണ്.എന്നാൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം ചികിത്സ ആവശ്യമുണ്ടോയെന്ന് ഓരോരുത്തരം ആത്മ പരിശോധന നടത്താൻ കൂടി ഈ കാലം ഓർമ്മിപ്പിക്കുന്നുണ്ട്.വാരിവലിച്ച് കഴിക്കുന്നത് ഒഴിവാക്കുകയും,അച്ചടക്കത്തോടെ കൃത്യമായ വ്യായാമത്തിൽ ഏർപ്പെടുകയും ചെയ്താൽ പല രോഗങ്ങളും അകന്നുനിൽക്കും." -ഡോ.വല്യത്താൻ വിശദീകരിക്കുന്നു.

യോഗയുടെ പ്രാധാന്യംതന്നെ കേരളീയർ എത്രമാത്രം മനസ്സിലാക്കിയിട്ടുണ്ട്.യോഗ ദിനചര്യയുടെ ഭാഗമാക്കിയാൽ ആശുപത്രിയിലേക്കുള്ള സഞ്ചാരം വലിയൊരളവിൽ ഒഴിവാക്കാനാവും.യോഗ ചെയ്യുന്നവർക്കിടയിൽ പാർക്കിൻസൺ രോഗത്തിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് ഇതേക്കുറിച്ച് ഗവേഷണം നടത്തുന്ന ശ്രീചിത്രാ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ ഡോ.ആശാ കിഷോർ പറയുന്നത്.

രോഗമുള്ളവരെ ചികിത്സിക്കണമെന്നതിൽ തർക്കമില്ലെങ്കിലും രക്ഷപ്പെടുത്താൻ പറ്റാത്തവരുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്താൽ നീട്ടിക്കൊണ്ട് പോകുന്നത് നൈതികതയ്ക്ക് എതിരാണെന്നാണ് പ്രമുഖ പാലിയേറ്റീവ് കെയർ വിദഗ്ധനായ ഡോ.എം.ആർ.രാജഗോപാലിന്റെ അഭിപ്രായം.അവസാനനാളുകളിൽ മെഷീന്റെയും ട്യൂബുകളുടേയും നടുവിൽ ഉറ്റവരിൽ നി്ന്ന് അകന്ന് യാത്രപറയേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്.

സാഹിത്യത്തിലെ മോഡേണൈസേഷൻ പോലെ ചികിത്സയിലും ആധുനികതയുടെ കാലം ഉണ്ടായിയെന്നാണ് അമേരിക്കയിലെ പ്രമുഖ ഓങ്കോളോജിസ്റ്റായ ഡോ.എം.വി.പിള്ളയുടെ അഭിപ്രായം. മുട്ടുമാറ്റിവയ്ക്കൽ ,ഇടുപ്പ് മാറ്റിവയ്ക്കൽ,തുടങ്ങി എല്ലാത്തിനും ചികിത്സ.കുറെയൊക്കെ വേണ്ടതാണെങ്കിലും വലിയൊരുപങ്കും ഒഴിവാക്കാവുന്നതുമാണ്. ആധുനിക ചികിത്സയിലെ അപ്രമാദിത്വം .കൊവിഡ് കാലത്ത് ഇല്ലാതാകുന്നുവെന്ന് അമേരിക്കയിലെയും ഇംഗ്ളണ്ടിലെയും കൊവിഡ് വ്യാപനം നമ്മളെ പഠിപ്പിക്കുന്നുണ്ട്. ഡോ.എം.വി.പിള്ള ഒരനുഭവം പറഞ്ഞു." അമേരിക്കയിലുള്ള അതിസമ്പന്നനായ തന്റെ സുഹൃത്തിന്റെ ചെന്നൈയിൽക്കഴിയുന്ന അച്ഛന് 103 വയസായി.കാൻസറാണ് . അച്ഛന്റെ കാൻസർ ചികിത്സയെക്കുറിച്ച് സുഹൃത്ത് അഭിപ്രായം ആരാഞ്ഞപ്പോൾ,ഈ പ്രായത്തിൽ ചികിത്സയൊക്കെ ചെയ്ത് ബുദ്ധിമുട്ടിക്കണോയെന്ന് ഡോക്ടർ ചോദിച്ചു.പക്ഷേ എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാമെന്നായി മകൻ.മാസം അഞ്ചും ആറും ലക്ഷം രൂപ ചെലവഴിച്ചുള്ള ചികിത്സ കഴിഞ്ഞ മൂന്ന് വർഷമായി തടരുകയാണ്.ജീവനുണ്ടെന്ന് മാത്രം."

പണമുണ്ടെങ്കിൽ എന്തൊക്കെ ചെയ്യാം.പക്ഷേ ശാന്തമായി വിടപറയുകയെന്നതും അത്യന്തം പ്രധാനമല്ലേ...?ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിൽ വലിയ പൊളിച്ചെഴുത്ത് ആവശ്യമാണെന്നാണ് കൊവിഡ് കാലം നമ്മെ പഠിപ്പിക്കുന്നത്.