1. കൊല്ലം അഞ്ചലില്‍ പാമ്പ് കടയേറ്റ് മരിച്ച യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ പാമ്പ് പിടിത്തക്കാരന്‍ കസ്റ്റഡിയില്‍. സൂരജിനേയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുയാണ്. ഭര്‍ത്താവിന് പാമ്പ് പിടുത്തക്കാരും ആയി ബന്ധമുള്ളതിന്റെ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചനകളുണ്ട്. കേസില്‍ ജന്തുശാസ്ത്ര വിദഗ്ധരുടെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചു. അഞ്ചല്‍ ഏറം സ്വദേശി ഉത്രയുടെ മരണത്തില്‍ ദുരൂഹതകള്‍ തുടരുകയാണ്. കിടപ്പ് മുറിയില്‍ ഭര്‍ത്താവിനും ഒന്നര വയസുള്ള മകനുമൊപ്പം കിടന്ന് ഉറങ്ങിയപ്പോഴാണ് യുവതിക്ക് പാമ്പ് കടയേറ്റത്. ശീതികരിച്ച മുറിയുടെ ജനലും കതകും അടച്ചിട്ടിരുന്നിട്ടും ഉഗ്ര വിഷമുള്ള പാമ്പ് എങ്ങിനെ അകത്തു കടന്നു എന്നതാണ് മരണത്തില്‍ ഉത്രയുടെ മാതാപിതാക്കള്‍ ദുരൂഹത ആരോപിക്കാന്‍ കാരണം.
2. മാര്‍ച്ച് മാസത്തില്‍ ഭര്‍ത്താവ് സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍ വച്ചും യുവതിക്ക് വിഷം തീണ്ടിയിരുന്നു. സൂരജിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ചില പാമ്പ് പിടുത്തക്കാരും ആയി നിരന്തരം ബന്ധപ്പെട്ട് ഇരുന്നതായി അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. തറ നിരപ്പില്‍നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതും ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടയേറ്റാല്‍ ഉണരുമോ എന്നതും കണ്ടെത്തനായി ഈ മേഖലയിലെ വിദഗ്ധരുടെ സഹായം തേടാനും ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഉത്രയുടെ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേത്യത്വത്തില്‍ ഉള്ള അന്വേഷണ സംഘം കണ്ടെത്തി.
3.മദ്യത്തിനു ടോക്കണിനായുള്ള ബെവ് ക്യൂ ആപിനു ഗൂഗിള്‍ അനുമതി ഇന്ന് ലഭിക്കും എന്ന് കമ്പനിയുടെ അവകാശവാദം. അനുമതി ലഭിച്ചാല്‍ മദ്യക്കടകള്‍ തുറക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ബെവ് കോ പൂര്‍ത്തിയാക്കി. ഇന്നു അനുമതി ലഭിച്ചാലും ഇനി ചൊവ്വാഴ്ചയോ, ബുധനാഴ്ചയോ മാത്രമേ മദ്യക്കടകള്‍ തുറക്കുകയുള്ളു. ബെവ് ക്യൂ ആപ്പില്‍ അനിശ്ചിതത്വം തുടരുന്നതിന് ഇടെയാണ് കഴിഞ്ഞ ദിവസം പ്ലേ സ്റ്റോറില്‍ അപ് ലോഡ് ചെയ്ത ആപ്പിനു ഇന്നു അനുമതി ലഭിക്കും എന്നുള്ള ഫെയര്‍ കോഡ് കമ്പനിയുടെ അവകാശ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും അറിയില്ലെന്ന് ആണ് ബവ് കോ പറയുന്നത്. പ്ലേ സ്റ്റോറില്‍ അപ് ലോഡ് ചെയ്യുന്നതിനുള്ള അനുമതി ഇന്നു ലഭിച്ചാല്‍ ആപിന്റെ പരീക്ഷണ പ്രവര്‍ത്തനം ഇന്നു തന്നെ ആരംഭിച്ചേക്കും. അതേസമയം മദ്യക്കടകള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ബെവ് കോ പൂര്‍ത്തിയാക്കി. ലേബലിങ്ങ് അടക്കമുള്ളവ പൂര്‍ത്തിയാക്കി ,ബാറുകളുടെ ഓര്‍ഡറും സ്വീകരിച്ചു കഴിഞ്ഞു. ഔട്‌ലെറ്റുകളില്‍ തെര്‍മല്‍ സ്‌കാനറുകളും സജീകരിച്ചിട്ടുണ്ട്. ബാറുകളിലും സമാനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം എന്നാണ് നിര്‍ദേശം നല്‍കി ഇരിക്കുന്നത്. ബവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവ വഴിയായിരിക്കും മദ്യ വിതരണം.301 ഔട്ലറ്റുകളും , 605 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്
4.26ന് തുടങ്ങുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി , പരീക്ഷാ നടത്തിപ്പിന് മുന്നോടിയായി ആരോഗ്യവകുപ്പ് ഇരുപത്തിരണ്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ക്വാറന്റീനില്‍ ഉള്ളവര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവര്‍ക്കും പ്രത്യക പരീക്ഷാ കേന്ദ്രങ്ങളോ മുറികളോ തയ്യാറാക്കണം. ഹോട്ട്സ് പോട്ടിലുള്ളവര്‍ക്ക് അവിടെ തന്നെ പരീക്ഷാ സെന്ററുകള്‍ തയ്യാറാക്കാനും എല്ലാ സ്‌കൂളിലും ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോര്‍പറേഷന്‍ പരിധിയിലെ എല്ലാ സ്‌കൂളുകളും ശുചീകരിച്ച് അണു വിമുകതമാക്കും. ബന്ധപ്പെട്ട പി.ടി.എ കമ്മറ്റികളുടെ നേതൃത്വത്തില്‍ ആണ് ഇത് നടപ്പാക്കുക. പരീക്ഷ എഴുതുന്ന എല്ലാ കുട്ടികള്‍ക്കും മാസ്‌ക് നല്‍കും. ഇത് പരമാവധി വീടുകളില്‍ എത്തിക്കും. സാധിക്കാത്തപക്ഷം കുട്ടികള്‍ സ്‌കൂളില്‍ പ്രവേശിക്കുന്നതിനു മുമ്പ് സ്‌കൂള്‍ അധികൃതര്‍ കൈമാറും. എല്ലാ കുട്ടികളും മാസ്‌ക് ഉപയോഗിക്കും എന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
5.ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഈദ് ഗാഹുകളും പള്ളികളിലെ നമസ്‌കാരങ്ങളും ഒന്നുമില്ലാത്ത പെരുന്നാള്‍ പുലരിയാണ് ഇത്തവണ. റമദാന്‍ 30 പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ ആണ് ഈദുല്‍ ഫിത്വര്‍ എത്തുന്നത്. ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ കടന്ന് എത്തുമ്പോള്‍ വിശ്വാസികള്‍ക്ക് ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ. ഈ ദുരിത കാലം നടന്നു കയറാന്‍ നാഥന്‍ തുണായകണമേ എന്ന്. വീടുകളില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്നുള്ള പെരുന്നാള്‍ ആഘോഷത്തിന് അപ്പുറം മറ്റൊന്നുമില്ല. സക്കാത്ത് വിഹിതം അര്‍ഹരായവര്‍ക്ക് നല്‍കി, ദുരിത കാലത്തില്‍ ശാരീരിക അകലം പാലിച്ചും മാനസികമായ ഒരുമയോടെയും കൈ കോര്‍ക്കുകയാണ് വിശ്വാസികള്‍.
6.ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണിന് ഇളവുകള്‍ ഉണ്ട്. വാഹനങ്ങള്‍ക്കും അവശ്യ സാധനങ്ങളുടെ കടകള്‍ക്ക് പുറമേ ചെരുപ്പ് കടകള്‍ക്കും ഫാന്‍സി സ്റ്റോറുകള്‍ക്കും തുറക്കാന്‍ അനുമതി ഉണ്ട്. പെട്രോള്‍ പമ്പുകള്‍ തുറക്കാം. ഇറച്ചി, മീന്‍ എന്നിവ വില്ക്കുന്ന കടകള്‍ക്ക് രാവിലെ ആറു മുതല്‍ പതിനൊന്ന് വരെ തുറക്കാം. തുണിക്കട, സ്വര്‍ണക്കട, ബാര്‍ബര്‍ ഷോപ്പ് ഉള്‍പ്പടെ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. റസ്റ്ററന്‍ഡുകളില്‍ പാഴ്സല്‍ സര്‍വീസ് രാവിലെ മുതല്‍ രാത്രി 10 വരെ അനുവദിക്കും. ജില്ലക്കുള്ളില്‍ പരിമിതമായുള്ള പൊതുഗതാഗതം ഉണ്ടാകും. സ്വകാര്യ വാഹനങ്ങള്‍, ഓട്ടോ സര്‍വീസുകളും തടയില്ല. ജില്ല വിട്ട് സമീപ ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിനും വിലക്കില്ല. പക്ഷെ ഏഴു മണിക്ക് ശേഷമുള്ള യാത്രാ വിലക്കുണ്ടാകും.
7. മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍. നാളെ ഇടതു മുന്നണി സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തി ആക്കുമ്പോള്‍ കൊറോണാ വൈറസ് എന്ന കാണാശത്രുവിന് എതിരായ പോരാട്ടം മുന്നില്‍ നിന്ന് നയിക്കുക ആണ് അദ്ദേഹം. കോവിഡ് പ്രതിരോധത്തിന്റെ കേരളമാതൃക ലോകമാകെ ചര്‍ച്ച ചെയ്യുമ്പോഴാണ് അതിന്റെ അമരക്കാരന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ എത്തുന്നത്. വിജയത്തിന് എളുപ്പവഴികള്‍ ഇല്ലെന്ന് സ്വജീവിതം കൊണ്ട് നമ്മളോട് പറഞ്ഞു കൊണ്ടിരിക്കുക ആണ് അദ്ദേഹം. എന്നാല്‍ ആഘോഷങ്ങള്‍ ഒന്നുമില്ലാതെ മാറി നില്‍ക്കുകയാണ് അദ്ദേഹം. നാടാകെ വിഷമസ്ഥിതി നേരിടുമ്പോള്‍ ഈ ദിവസവും തനിക്ക് സാധാരണ ദിവസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.