sooraj

കൊല്ലം: പാമ്പുകളുമായി അടുത്ത ചങ്ങാത്തമുണ്ടായതുകൊണ്ടാണ് സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്താൻ പുതിയ മാർഗം കണ്ടെത്തിയത്. സൂരജിനെ ചോദ്യം ചെയ്യുകയാണ്. ഉത്തരയെ കടിപ്പിച്ച ശേഷം അണലിയെ ചാക്കിലാക്കി എറിഞ്ഞുവെന്നും മൂർഖനെ വാങ്ങി ബാഗിൽ സൂക്ഷിച്ചിരുന്നതായും സൂരജ് പൊലീസിനോട് പറഞ്ഞു. ആദ്യ തവണ അണലികടിച്ച് ഉത്ര മരണപ്പെട്ടിരുന്നുവെങ്കിൽ യാതൊരുവിധ സംശയങ്ങൾക്കും ഇടയുണ്ടാകുമായിരുന്നില്ല. മാർച്ച് 26ന് അയ്യായിരം രൂപയ്ക്ക് വിലയ്ക്ക് വാങ്ങിയ അണലിയെ മുറിയ്ക്കുള്ളിൽ തുറന്നുവിട്ട് ഉത്തരയെ കൊത്തിച്ചു.

തുടർന്ന് കുപ്പിയിലാക്കാനുള്ള ശ്രമം വിജയിച്ചില്ല. പിന്നീട് ചാക്കിലാക്കി വീടിന്റെ മുകളിൽ കയറി പുറത്തേക്ക് എറിയുകയായിരുന്നു. ഉത്ര മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ അത്ഭുതകരമായി ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നു. പാമ്പിനെക്കൊണ്ട് കൊത്തിച്ചാൽ ആരും സംശയിക്കില്ലെന്ന ബോധത്തോടെയാണ് പിന്നീട് മൂ‌ർഖൻ പാമ്പിനെ വാങ്ങിയത്. ദിവസങ്ങളോളും ബാഗിൽ സൂക്ഷിച്ച പാമ്പിനെ മുറിയ്ക്കുള്ളിൽ തുറന്നുവിട്ട് ഉത്തരയെ കൊത്തിപ്പിച്ചു.

ആദ്യം കൊത്തിയ ശേഷം വീണ്ടും ആഞ്ഞ് ഒന്നുകൂടി കൊത്തി. ഫണം വിടർത്തി മൂർഖൻ ആഞ്ഞ് കൊത്തുമ്പോഴെല്ലാം സൂരജ് മുറിയ്ക്കുള്ളിലുണ്ടായിരുന്നു. പാമ്പിനെ കുപ്പിയിലാക്കി പുറത്തേക്ക് എറിയാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പാമ്പ് സൂരജിന് നേരെ തിരിഞ്ഞു. തുടർന്ന് ഭിതിയിലായ സൂരജ് ഉറങ്ങാതെ കട്ടിലിൽ നേരം കഴിച്ചുകൂട്ടി. സാധാരണ എട്ട് മണിയ്ക്ക് ഉണരുന്ന സൂരജ് സംഭവ ദിവസം ആറ് മണിയോടെ ഉത്തരയുടെ ബന്ധുക്കളെ വിളിച്ച് ഉത്തരയെ പാമ്പ് കടിച്ച വിവരം അറിയിക്കുകയും മുറിയിൽ നിന്നും മൂർഖനെ തല്ലിക്കൊല്ലുകയും ചെയ്തു.

അഞ്ചൽ പൊലീസ് അന്ന് മൊഴിയെടുത്തപ്പോഴും ഉത്രരയുടെ ബന്ധുക്കൾ നേരിയ സംശയങ്ങൾ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് അത് ഗൗരവത്തിലെടുത്തില്ല. ഉത്തരയുടെ മാതാപിതാക്കൾ റൂറൽ എസ്.പി ഹരിശങ്കറിനെ നേരിൽക്കണ്ട് പരാതി ബോധിപ്പിച്ചപ്പോഴാണ് കേട്ടുകേൾവിയില്ലാത്ത കൊലപാതകം തെളിഞ്ഞത്. ഇന്നലെ വൈകിട്ടോടെ സൂരജ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരുന്നു.

എന്നാൽ വീടിന് ഇരുന്നൂറ് മീറ്റർ ചുറ്റളവിൽ പൊലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നതിനാൽ അധികം വൈകാതെ കസ്റ്റഡിയിലെടുത്തു. പാമ്പ് പിടുത്തക്കാരെ നോട്ടീസ് നൽകി വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവർ കേസിൽ പ്രതിയാകാൻ ഇടയില്ല. ഇടയ്ക്കിടെ ഇവരിൽ നിന്നും സൂരജ് പാമ്പുകളെ വാങ്ങാറുണ്ടായിരുന്നു. പാമ്പിനെ കളിപ്പിക്കുന്നത് വലിയ ഇഷ്ടമായിരുന്നു ഇയാൾക്ക്.