കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്തരയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഭർത്താവ് സൂരജ് തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ കുറ്റം സമ്മതിച്ചു. എന്നാൽ ഇതുസംബന്ധിച്ച് വാവ സുരേഷ് നേരത്തെത്തന്നെ തന്റെ അനുമാനങ്ങൾ വ്യക്തമാക്കിയിരുന്നു. എത്ര ഉറക്കത്തിൽ കിടന്നാലും സാധാരണ ഒരാൾക്ക് പാമ്പ് കടിയേറ്റാൽ അറിയാൻ സാധിക്കുമെന്ന് വാവ സുരേഷ് പറയുന്നു. അറിഞ്ഞില്ലായെങ്കിൽ അവർ ഉറക്ക ഗുളികപോലുള്ള ഏതെങ്കിലും മരുന്ന് കഴിച്ചിട്ടുണ്ടാകണമെന്നും വാവ സുരേഷ് കൗമുദി ചാനലിലൂടെ വ്യക്തമാക്കുന്നു.

"എത്ര ഉറക്കത്തിൽ കിടന്നാലും നോർമൽ ആയിട്ടുള്ള ഒരാൾ പാമ്പ് കടിയേറ്റ് കഴിഞ്ഞാൽ പെട്ടെന്ന് എഫക്ട് ചെയ്യും. നല്ല വേദന ഉണ്ടാകും. കടിച്ച മൂർഖൻ പാമ്പിനെ ഇവർ തല്ലിക്കൊന്നു. മരിച്ചാണ് യുവതി കിടന്നത്. ഉറക്കത്തിൽ അറിഞ്ഞില്ല എന്നായിരുന്നു റിപ്പോർട്ടുകൾ. സെഡേഷൻ അല്ല എങ്കിൽ ഉറപ്പായിട്ടും പാമ്പ് കടിയേറ്റാൽ ഒരാൾക്ക് അറിയാൻ പറ്റും. അവർ വേറെ ഏതെങ്കിലുമം മരുന്ന് കഴിക്കുന്നുണ്ടോ, ഉറക്കത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ടോ എന്ന് അറിയില്ല.
എന്നാൽ, സാധരണ ഒരാൾക്ക് എത്ര ഉറക്കത്തിലാണെങ്കിലും പാമ്പ് കടിച്ചാൽ അറിയും. കൊതുക് കടിച്ചാൽ പോലും അറിയുന്നുണ്ട്. നമ്മുടെ മാംസത്തിലേക്ക് പല്ല് ആഴ്ന്ന് പോകുമ്പോൾ അറിഞ്ഞില്ല എന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. വേദനയൊക്കെ അറിയാൻ പറ്റും"-വാവ പറയുന്നു.
കിടപ്പ് മുറിയിൽ ഭർത്താവ് സൂരജിനും ഒന്നര വയസുള്ള മകനുമൊപ്പം കിടന്ന് ഉറങ്ങിയപ്പോഴാണ് ഉത്രരക്ക് പാമ്പ് കടിയേറ്റത്. ശീതികരിച്ച മുറിയുടെ ജനലും കതകും അടച്ചിട്ടിരുന്നിട്ടും ഉഗ്ര വിഷമുള്ള പാമ്പ് എങ്ങിനെ അകത്തു കടന്നു എന്നതായിരുന്നു മരണത്തിൽ ഉത്തരയുടെ മാതാപിതാക്കൾ ദുരൂഹത ആരോപിക്കാൻ കാരണം മാത്രമല്ല മാർച്ച് മാസത്തിൽ ഭർത്താവ് സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ വെച്ചും യുവതിക്ക് വിഷം തീണ്ടിയിരുന്നു.